കോട്ടയം: മെഡിക്കൽ കോളേജിന്റെ സമീപ പ്രദേശത്തു നിന്നും വീട്ടമ്മയുടെ രണ്ട് പവൻ തൂക്കം വരുന്ന മാല പൊട്ടിച്ചോടിയ പ്രതിയെ 20 മിനിറ്റിനുള്ളിൽ പിടികൂടി ഗാന്ധിനഗർ പൊലീസ്. മദ്യ ലഹരിയിൽ വീട്ടമ്മയുടെ മാല പൊട്ടിച്ചോടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെയാണ് ഗാന്ധിനഗർ പൊലീസ് സംഘം പിടികൂടിയത്. ഗാന്ധിനഗർ ആറാട്ട് കടവ് മറ്റത്തിൽ ഗോവിന്ദ് എസി(19)യാണ് ഗാന്ധിനഗർ സ്‌റ്റേഷൻ ഹൗസ് ഓഫിസർ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഗാന്ധിനഗർ പാളത്തളപ്പിൽ ലിസമ്മ ജേക്കബിന്റെ (62) രണ്ട് പവൻ തൂക്കമുള്ള മാലയാണ് പ്രതി പൊട്ടിച്ചെടുത്ത് രക്ഷപെടാൻ ശ്രമിച്ചത്.
ശനിയാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കോട്ടയം മെഡിക്കൽ കോളേജ് – കസ്തൂർബായ്ക്കു സമീപം ആശ്രയ ലൈനിൽ ഇലക്ട്രിസിറ്റി ബോർഡിന് പിൻവശത്തായിരുന്നു സംഭവം ഉണ്ടായത്. അംഗനവാടിയിലായിരുന്ന കുട്ടിയെയുമായി വീട്ടിലേയ്ക്കു വരികയായിരുന്നു ലിസമ്മ ജേക്കബ്. ഈ സമയത്താണ് സുഹൃത്തുക്കൾക്കൊപ്പം ഷാപ്പിൽ മദ്യപിച്ച ശേഷം പുറത്തിറങ്ങിയെത്തിയ പ്രതി ലിസമ്മയെ കണ്ടത്. ഈ സമയം എതിർ ദിശയിൽ നിന്നും എത്തിയ വാഹനം കണ്ട് റോഡരികിലേയ്ക്ക് ഒതുങ്ങി നിന്ന ലിസമ്മയുടെ പിന്നിലൂടെ എത്തിയ പ്രതി ഇവരുടെ കഴുത്തിൽക്കിടന്ന മാല പൊട്ടിച്ചെടുത്ത് ഓടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവർ ബഹളം വച്ചതോടെ ഓടിക്കൂടിയ നാട്ടുകാർ വിവരം ഗാന്ധിനഗർ പൊലീസിൽ അറിയിച്ചു. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നിർദേശ പ്രകാരം ലഹരിക്കേസുകൾ കണ്ടെത്താൻ മഫ്തിയിൽ പരിശോധന നടത്തുകയായിരുന്ന സിവിൽ പൊലീസ് ഓഫിസർമാരായ രഞ്ജിത്തിന്റെയും അനൂപിന്റെയും മുന്നിലാണ് പ്രതി വന്ന് പെട്ടത്. മാല പൊട്ടിച്ച ശേഷം പ്രതി രക്ഷപെട്ടതായി പൊലീസ് സംഘത്തിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് സംശയം തോന്നിയ പൊലീസ് ഉദ്യോഗസ്ഥർ പ്രതിയെ തടഞ്ഞ് നിർത്താൻ ശ്രമിച്ചു. എന്നാൽ, പ്രതി ഇവരെ തട്ടിമാറ്റി ഓടിരക്ഷപെടാൻ ശ്രമിച്ചു. പിന്നാലെ ഓടി പ്രതികളെ സാഹസികമായാണ് പൊലീസ് സംഘം പിടികൂടിയത് ഇയാളുടെ പക്കൽ നിന്നും മോഷണ മുതലായ മാലയും കണ്ടെത്തി.