കോട്ടയം : ചുങ്കത്തെ എംജി സർവകലാശാല സ്കൂൾ ഓഫ് ടെക്നോളജി ആന്റ് അപ്ലയ്ഡ് സയൻസിൽ നിന്നും കാണാതായി കുറവിലങ്ങാട് കാളികാവിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ച വിദ്യാർത്ഥിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. അതിരമ്പുഴ വാത്തുക്കുളത്തിൽ മുഹമ്മദ് യാസിനാണ് (21) കുറവിലങ്ങാട് കാളികാവിലെ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിനുള്ളിൽ വീണ് പരിക്കേറ്റ് വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ചത്. മുഹമ്മദ് യാസിന്റെ മരണത്തിലാണ് ഇപ്പോൾ ബന്ധുക്കൾ ദുരൂഹത ആരോപിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് കുറവിലങ്ങാട് കാളികാവിലെ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിനുള്ളിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. സ്ഥലത്ത് എത്തിയ കുറവിലങ്ങാട് പൊലീസ് സംഘമാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. ആദ്യം മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് കോട്ടയം വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയിലും ഇയാളെ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വെള്ളിയാഴ്ച രാത്രി 07.05 ന് മുഹമ്മദ് യാസിൻ കാളികാവിലെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിലേയ്ക്ക് കയറിപ്പോകുന്നത് കണ്ടതായി പൊലീസ് സിസിടിവി ക്യാമറാ ദൃശ്യങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. 07.30 നാണ് ഇയാൾ വീണതറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തുന്നത്. ഇവിടെ എത്തിയ ജോലിക്കാരാണ് മുഹമ്മദ് യാസിൻ വീടിനുള്ളിലെ നിർമ്മാണത്തിലിരുന്ന ഹാളിൽ വീണ് കിടക്കുന്നത് കണ്ടതെന്നാണ് പൊലീസ് പറയുന്നത്. തുടർന്നാണ് പൊലീസ് സംഘം മുഹമ്മദ് യാസിനെ ആശുപത്രിയിൽ എത്തിക്കുന്നത്. നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ കൈവരിയില്ലാത്ത രണ്ടാം നിലയിലേയ്ക്കു കയറിയ മുഹമ്മദ് യാസിൻ, കാൽ വഴുതി താഴേയ്ക്ക് വീണതാണെന്നാണ് പൊലീസ് നിഗമനം. ഇയാളുടെ ശരീരത്തിൽ മറ്റ് പരിക്കുകൾ ഒന്നും കണ്ടെത്താനായിട്ടില്ല. തല ഇടിച്ചു വീണുണ്ടായ ആഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
എന്നാൽ, മുഹമ്മദ് യാസിൻ ഇവിടെ എത്തിയത് എങ്ങിനെ എന്ന സംശയത്തിലാണ് ഇപ്പോൾ ബന്ധുക്കൾ. വീട്ടിൽ നിന്നും സുഹൃത്തിന് ഷർട്ട് എടുക്കുന്നതിനായി പോകുന്നു എന്നു പറഞ്ഞാണ് ഇറങ്ങിയത്. എന്നാൽ, കാളികാവിൽ മുഹമ്മദ് യാസിനെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയതാണ് സംശയത്തിന് ഇടയാക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രംഗത്ത് എത്തിയിരിക്കുകയാണ് ബന്ധുക്കൾ.