ഭക്ത ജനസാ​ഗരമായി മണർകാട് : ചരിത്രപ്രസിദ്ധമായ നടതുറക്കൽ നാളെ

കോട്ടയം: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ചുള്ള റാസയിൽ അനുഗ്രഹം തേടി ഭക്തജനപ്രവാഹം. മൂന്നര കിലോമീറ്ററിലധികം നീളത്തിൽ മുത്തുക്കുടകളുടെ വർണമേലാപ്പിനു കീഴിൽ പതിനായിരങ്ങൾ റാസയിൽ പങ്കെടുത്തു. ആഘോഷവും ഭക്തിയും സമന്വയിച്ച റാസയിൽ വർണപ്പകിട്ടിനൊപ്പം വാദ്യഘോഷങ്ങളും പൊലിമ പകർന്നു. ഇന്നലെ മധ്യാഹ്നപ്രാർഥനയ്ക്കുശേഷം പ്രാർഥനാനിർഭരമായ അന്തരീക്ഷത്തിൽ ദൈവമാതാവിന് സ്തുതിപ്പുകൾ അർപ്പിക്കുന്ന പ്രാർഥനകളും കീർത്തനങ്ങളുമായി നാനാജാതി മതസ്ഥർ ഏഷ്യയിലെതന്നെ ഏറ്റവും വലിയ വിശ്വാസപ്രദക്ഷിണത്തിൽ പങ്കുചേർന്നു. വർണാഭമായ അലങ്കാരങ്ങളും പൊൻവെള്ളി കുരിശുകളും നിറപ്പകിട്ടാർന്ന കൊടിതോരണങ്ങളും അണിയിച്ചൊരുക്കിയ റാസ ഹൃദ്യമായ അനുഭവമായി മാറി. 

Advertisements

മധ്യാഹ്നപ്രാർഥനാവേളയിൽ വലിയപള്ളിയുടെ തിരുമുറ്റത്തുനിന്ന് വിശ്വാസികൾ മുത്തുകുടകളുമായി റാസയ്ക്കായി അണിനിരന്നു. പരിശുദ്ധ കന്യകാമറിയം ഉണ്ണിയേശുവിനെ വഹിച്ച് നില്കുന്ന വശ്യതയാർന്ന ഛായാചിത്രത്തിനു പിന്നിൽ കൊടികളും വെട്ടുക്കുടകളും അതിനുപിന്നിൽ മുത്തുക്കുടകളും അണിനിരന്നു. രണ്ടുമണിയോടെ മരക്കുരിശുകളും പൊൻ വെള്ളിക്കുരിശുകളും റാസയിൽ നിരന്നു. തുടർന്നു വലിയപള്ളിയിൽ നടന്ന പ്രത്യേക പ്രാർഥനയ്ക്കുശേഷം അംശവസ്ത്രങ്ങൾ ധരിച്ച വൈദീകർ റാസയിൽ പങ്കുചേർന്നു ആശീർവദിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആൻഡ്രൂസ് ചിരവത്തറ കോർ എപ്പിസ്‌കോപ്പ, ഫാ. തോമസ് മറ്റത്തിൽ, ഫാ. ​ഗീവർ​ഗീസ് നടുമുറിയിൽ എന്നിവർ റാസയ്ക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. കൽക്കുരിശ്, കണിയാംകുന്ന് കുരിശിൻ തൊട്ടി എന്നിവിടങ്ങളിലെ ധൂപപ്രാർഥനയ്ക്കുശേഷം മണർകാട് കവലയിൽ റാസ എത്തി. കവലയിലും കരോട്ടെ പള്ളിയിലും നടന്ന ധൂപപ്രാർഥനയ്ക്കുശേഷം അഞ്ചുമണിയോടെയാണ് റാസ തിരികെ വലിയപള്ളിയിലെത്തിച്ചേർന്നത്. വീഥികൾക്കിരുവശവും വിശ്വാസ സമൂഹം പരിശുദ്ധ ദൈവമാതാവിന്റെ ഛായാചിത്രവും കത്തിച്ച മെഴുകുതിരികളും പിടിച്ചായിരുന്നു റാസയെ വരവേറ്റത്. വയോജനസംഘാംഗങ്ങളും വനിതാസമാജാംഗങ്ങളും കത്തിച്ച മെഴുകുതിരിയുമായി പൊൻ-വെള്ളി കുരിശുകൾക്കിരുവശവുമായി അണിനിരന്നു. തുടർന്ന് വൈകിട്ട് 5.30ന് സന്ധ്യാപ്രാർത്ഥനയും നടന്നു.

പെരുനാളിനോടനുബന്ധിച്ചുള്ള പ്രസിദ്ധമായ നടതുറക്കൽ നാളെ നടക്കും. രാവിലെ 11.30നു മധ്യാഹ്ന പ്രാർഥനയെത്തുടർന്നു വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായചിത്രം വർഷത്തിൽ ഒരിക്കൽ മാത്രം പൊതുദർശനത്തിനായി തുറക്കുന്ന ശുശ്രൂഷ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ നിർവഹിക്കും. ഉച്ചയ്ക്ക് 1.30ന് കറിനേർച്ച തയ്യാറാക്കുന്നതിലേക്കുള്ള പന്തിരുനാഴി ഘോഷയാത്രയും അഞ്ചിന് സന്ധ്യാപ്രാർത്ഥനയും, രാത്രി എട്ടിന് കരോട്ടെ പള്ളി ചുറ്റിയുള്ള പ്രദക്ഷിണവും നടക്കും.  9.30ന് ആകാശവിസ്മയം, മാർ​ഗംകളി, പരിചമുട്ടുകളി തുടർന്ന് പുലർച്ചെ 12ന് കറിനേർച്ച വിതരണവും നടക്കും. പെരുന്നാൾ ദിനമായ ഏട്ടിന് ഉച്ചക്ക് രണ്ടിന് പ്രദക്ഷിണത്തോടും നേർച്ചവിളമ്പോടെയും പെരുന്നാൾ ചടങ്ങുകൾക്ക് സമാപനമാവും. 1501 പറ അരിയുടെ പാച്ചോറാണ് നേർച്ചക്കായി തയാറാക്കുന്നത്.

മണർകാട് പള്ളിയിൽ നാളെ

കരോട്ടെ പള്ളിയിൽ രാവിലെ ആറിന് കുർബാന, 7.30ന് പ്രഭാത പ്രാർഥന, 8.30ന് മൂന്നിന്മേൽ കുർബാന എം.എസ്.ഒ.ടി. സെമിനാരി റസിഡ​ന്റ് മെത്രാപ്പോലീത്ത കുര്യാക്കോസ് മോർ തെയോഫിലോസി​ന്റെ പ്രധാന കാർമികത്വത്തിൽ. 11.30ന് ഉച്ചനമസ്കാരം, നടതുറക്കൽ ശുശ്രൂഷ – ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ പ്രധാന കാർമികത്വത്തിൽ. 1.30ന് കറിനേർച്ച തയ്യാറാക്കുന്നതിലേയ്ക്കുള്ള പന്തിരുനാഴി ഘോഷയാത്ര, വൈകിട്ട് അഞ്ചിന് സന്ധ്യാപ്രാർഥന. എട്ടിന് കരോട്ടെ പള്ളി ചുറ്റിയുള്ള പ്രദക്ഷിണം. 9.30ന് ആകാശവിസ്മയം, മാർ​ഗംകളി, പരിചമുട്ടുകളി. പുലർച്ചെ 12ന് കറിനേർച്ച വിതരണം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.