തൊടുപുഴ: ഇടുക്കി അണക്കെട്ടില്‍ ഒറ്റ ദിവസം കൊണ്ട് ഉയര്‍ന്നത് മൂന്നടിയോളം ജലനിരപ്പ്. ബുധനാഴ്ച 2375.34 അടിയായിരുന്ന ജലനിരപ്പാണ് വെള്ളിയാഴ്ച 2378.8 അടിയിലേക്ക് ഉയര്‍ന്നത്. ആകെ സംഭരണശേഷിയുടെ 71 ശതമാനമാണിത്.2403 അടിയാണ് പരമാവധി സംഭരണശേഷി. നിലവില്‍ ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ടരയടി കൂടി ഉയര്‍ന്ന് 2381.53 അടിയെത്തിയാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. 2382.53 അടിയെത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് ഡാമിന്റെ ഷട്ടറുകള്‍ തുറക്കാനുള്ള നടപടി ആരംഭിക്കും.
വൃഷ്ടിപ്രദേശത്ത് വ്യാഴാഴ്ച 68.4 മില്ലി മീറ്റര്‍ മഴയാണ് പെയ്തത്. കല്ലാര്‍ അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകള്‍ വ്യാഴാഴ്ച വൈകീട്ട് തുറന്നു. നിലവില്‍ മലങ്കര, പൊന്മുടി, ലോവര്‍പെരിയാര്‍, കല്ലാര്‍കുട്ടി അണക്കെട്ടുകള്‍ നിലവില്‍ തുറന്നിരിക്കുകയാണ്.