കോട്ടയം ജില്ലയിൽ മൂന്നിടങ്ങളിൽ
പക്ഷിപ്പനി സ്ഥീരികരിച്ചു; പ്രതിരോധ നടപടിക്ക് തുടക്കം; രോഗംസ്ഥിരീകരിച്ച സ്ഥലങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തെ പക്ഷികളെ നശിപ്പിക്കും

കോട്ടയം: കോട്ടയം ജില്ലയിൽ മൂന്നിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. വെച്ചൂർ ഗ്രാമപഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിലെ കട്ടമട, വലിയപുതുക്കരി-പുല്ലൂഴിച്ചാൽ പ്രദേശം, കല്ലറയിലെ വാർഡ് ഒന്ന് വെന്തകരി കിഴക്കേച്ചിറ പ്രദേശം, അയ്മനത്തെ വാർഡ് ഒന്നിലെ കല്ലുങ്കത്തറ ഐക്കരശാല പാടശേഖര പ്രദേശം എന്നിവിടങ്ങളിൽനിന്ന് ശേഖരിച്ച സാമ്പിളുകളിലാണ് എച്ച്5എൻ1 വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്.

Advertisements

ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ് ലാബിൽ അയച്ച സാമ്പിളുകളുടെ പരിശോധനയിലാണ് സ്ഥിരീകരണം.
പക്ഷിപ്പനി തടയുന്നതിനായി യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ ആരംഭിച്ചു. രോഗംസ്ഥിരീകരിച്ച സ്ഥലങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തെ താറാവ് അടക്കമുള്ള പക്ഷികളെ കൊന്നു നശിപ്പിക്കും. നശീകരണ പ്രവർത്തനങ്ങൾ രാവിലെ ആരംഭിച്ചു. ഇതിനായി മൃഗസംരക്ഷണവകുപ്പിന്റെ 10 ദ്രുതകർമസേന സംഘങ്ങളെ നിയോഗിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരു വെറ്ററിനറി ഡോക്ടർ, ഒരു ലൈവ് സ്‌റ്റോക്ക് ഇൻസ്‌പെക്ടർ, മൂന്നു സഹായികൾ എന്നിവർ ഉൾപ്പെട്ടതാണ് ഒരു സംഘം. കല്ലറ- രണ്ട്, വെച്ചൂർ- അഞ്ച്, അയ്മനം-മൂന്ന് എന്നിങ്ങനെയാണ് സംഘത്തെ നിയോഗിച്ചിട്ടുള്ളത്. പ്രദേശത്ത് അണുനശീകരണവും നടത്തും. 28500 മുതൽ 35000 വരെ പക്ഷികളെ നശിപ്പിക്കേണ്ടിവരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. പക്ഷിപ്പനി നിയന്ത്രണത്തിനുള്ള കേന്ദ്രസർക്കാർ മാർഗനിർദേശപ്രകാരമാണ് പക്ഷികളെ നശിപ്പിക്കുക.

പക്ഷിപ്പനി സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ ബാധിതമേഖലയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെയും വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം കളക്ടറുടെ അധ്യക്ഷതയിൽ ചേർന്നു. ദ്രുതകർമ സേനയുടെ പ്രവർത്തനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ ഗ്രാമപഞ്ചായത്തിനും വിവിധ വകുപ്പുകൾക്കും കളക്ടർ നിർദ്ദേശം നൽകി.

രോഗബാധ സ്ഥിരീകരിച്ച മേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ താറാവ്, കോഴി, കാട, വളർത്തുപക്ഷികൾ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം(വളം) എന്നിവയുടെ വിപണനവും പുറത്തേക്ക് കൊണ്ടുപോകലും നിരോധിച്ചിട്ടുണ്ട്. പത്തു കിലോമീറ്റർ ചുറ്റളവിൽ താറാവ്, കോഴി, മറ്റു പക്ഷികൾ എന്നിവയെ തീറ്റയ്ക്കായി കൊണ്ടു നടക്കുന്നതിനും നിരോധനമുണ്ട്. പ്രദേശങ്ങളിൽ ശക്തമായ പൊലീസ് നിരീക്ഷണം ഏർപ്പെടുത്താൻ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. കോട്ടയം, വൈക്കം തഹസിൽദാർമാരെ ഇൻസിഡന്റ് കമാൻഡർമാരായി നിയോഗിച്ചിട്ടുണ്ട്. പ്രവർത്തനങ്ങളുടെ ഏകോപന ചുമതല ഇവർക്കാണ്.

ദേശാടനപക്ഷികളുടെ അസ്വഭാവിക മരണങ്ങൾ നിരീക്ഷിക്കുന്നതിന് വനം-വന്യജീവി വകുപ്പിനെ ചുമതലപ്പെടുത്തി.
കല്ലറയിൽ ഒരു ദിവസം കൊണ്ടും വെച്ചൂരിൽ മൂന്നുദിവസം കൊണ്ടും അയ്മനത്ത് രണ്ടു ദിവസം കൊണ്ടും പക്ഷികളെ നശിപ്പിക്കാൻ കഴിയുമെന്നും പക്ഷിപ്പനി പടരുന്നത് തടയാൻ കഴിയുമെന്നുമാണ് വിലയിരുത്തൽ. അറുപതു ദിവസത്തിൽ താഴെ പ്രായമുള്ള താറാവിന് 100 രൂപയും അതിനു മുകളിലുള്ളവയ്ക്ക് 200 രൂപയുമാണ് കർഷകർക്ക് ധനസഹായമായി നൽകുകയെന്ന് കളക്ടർ പറഞ്ഞു. വെച്ചൂർ, കുമരകം എന്നിവിടങ്ങളിൽനിന്നുള്ള സാമ്പികളുകൾ കൂടി ഭോപ്പാലിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നിട്ടില്ല.
കളക്‌ട്രേറ്റിൽ നടന്ന യോഗത്തിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഒ.റ്റി. തങ്കച്ചൻ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഷാജി പണിക്കശേരി, എ.ഡി.എം. ജിനു പുന്നൂസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

വേവിച്ച മുട്ടയും ഇറച്ചിയും കഴിക്കാം

കോട്ടയം: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിലെയടക്കം വേവിച്ച മുട്ടയും താറാവ്, കോഴി ഇറച്ചിയും പൂർണമായും ഭക്ഷ്യയോഗ്യമാണെന്ന് ചീഫ് മൃഗസംരക്ഷണ ഓഫീസർ ഡോ. ഷാജി പണിക്കശ്ശേരി പറഞ്ഞു. നന്നായി വേവിച്ചവ ഭക്ഷ്യയോഗ്യമാണ്.
രോഗം ബാധിച്ചതോ രോഗം ബാധിച്ച് ചത്തതോ ആയ കോഴികളുടെയും താറാവുകളുടെയും മാംസം കഴിക്കുകയോ മറ്റുള്ളവർക്ക് കഴിക്കാൻ നൽകുകയോ ചെയ്യരുത്. ചത്തതോ രോഗംബാധിച്ചതോ ആയ പക്ഷികളെ കൈകാര്യം ചെയ്യുന്നതിന് കൈയുറയും മാസ്‌കും ഉപയോഗിക്കണം.
പച്ച മാംസം കൈകാര്യം ചെയ്തതിനു ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം. രോഗബാധ വന്ന് ചത്തുപോകുന്ന കോഴികളെയും താറാവുകളെയും വെള്ളത്തിലോ ഒഴിഞ്ഞ് കിടക്കുന്ന സ്ഥലങ്ങളിലോ ഉപേക്ഷിക്കരുത്. ഇവയെ കത്തിച്ച് നശിപ്പിക്കണം. വ്യക്തി ശുചിത്വവും പരിസരശുചിത്വവും പാലിക്കണം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.