പമ്പ : അഭൂതപൂർവമായ ഭക്തരുടെ തിരക്കിൽ മണ്ഡലകാലത്തും, മകരവിളക്ക് കാലത്തും കാണിക്കയായി ലഭിച്ച നാണയങ്ങൾ എണ്ണി തീർത്തു. 1220 ജീവനക്കാർ ദിവസങ്ങളോളമെടുത്താണ് നാണയങ്ങൾ എണ്ണിത്തീർത്തത്. പത്ത് കോടി മൂല്യമുള്ള നാണയങ്ങളായിരുന്നു ഭക്തർ കാണിക്കയായിട്ടത്.
ശ്രീകോവിലിനുമുന്നിലെ കാണിക്കയിൽനിന്നും, മറ്റ് വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിരുന്ന വഞ്ചികളിലെ പണവുമാണ് എണ്ണിതീർത്തത്. കേടാവാനുള്ള സാദ്ധ്യത കണക്കിലെടുത്ത് നോട്ടുകൾ മുൻപേ എണ്ണിതീർത്തിരുന്നു. മഞ്ഞളും ഭസ്മവും കൂടിക്കലർന്ന നിലയിലായിരുന്നു നാണയങ്ങൾ. ഇതിനൊപ്പം വെള്ളി, സ്വർണം എന്നിവയിൽ തീർത്ത രൂപങ്ങളും നാണയങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. ഇതെല്ലാം വേർതിരിച്ച ശേഷമാണ് നാണയങ്ങൾ എണ്ണിയത്.