കോട്ടയം: വരത്തനെന്നു വിളിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കുറിച്ചി സ്വദേശിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ നാട്ടകം സ്വദേശി അറസ്റ്റിൽ. നാട്ടകം പള്ളിക്കുന്നേൽ ജോഷി ജോണിനെയാണ് ചിങ്ങവനം സ്‌റ്റേഷൻ ഹൗസ് ഓഫിസർ വി.എസ് അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കുറിച്ചി എസ്.പുരം സ്വദേശിയെ ജോഷി വരത്തൻ എന്നു വിളിച്ചതായി ആരോപിച്ചാണ് തർക്കം ഉണ്ടായത്. ഇതേ തുടർന്ന് ജോഷിയും ഇയാളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തെ തുടർന്ന് റോഡിൽ വീണ കുറിച്ചി സ്വദേശിയെ ജോഷി കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ് സംഭവ സ്ഥലത്ത് കിടന്നയാളെ പൊലീസ് സംഘം എത്തിയാണ് ആശുപത്രിയിലാക്കിയത്. പ്രതിയെ ചിങ്ങവനം പൊലീസ് സംഘം അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
വരത്തനെന്നു വിളിച്ചതിനെച്ചൊല്ലി തർക്കം; കുറിച്ചി സ്വദേശിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ നാട്ടകം സ്വദേശി അറസ്റ്റിൽ
