കോട്ടയം: പനച്ചിക്കാട് പഞ്ചായത്തിൽ ആരംഭക്കുന്ന കുടിവെള്ള പദ്ധതിയായ ജൽജീവൻ മിഷന് വേണ്ടി നിർമ്മിച്ച കുഴി കുടുംബങ്ങൾക്ക് കെണിയായി. കുഴി കുഴിച്ചതോടെ ഇരുനൂറോളം കുടുംബങ്ങളാണ് വീട്ടിൽ നിന്നും പുറത്തറങ്ങാനാവാതെ പെട്ടത്. ഒറ്റ ദിവസം കൊണ്ട് പൈപ്പിടുന്നതിനായി കുഴിച്ച കുഴിയാണ് ഇവിടെയുള്ള ഇരുനൂറോളം കുടുംബങ്ങളെ കെണിയിലാക്കിയത്. പനച്ചിക്കാട് പഞ്ചായത്ത് മൂന്നാം വാർഡ്
കൊല്ലം കവല തൃക്കയിൽ റോഡിലാണ് ഇത്തരത്തിൽ കെണിയൊരുക്കി കുഴിയെത്തിയത്.
മൂന്നു ദിവസം മുൻപാണ് ഇവിടെ ജലജീവൻ മിഷൻ പദ്ധതിയ്ക്കായി റോഡരികിൽ കുഴി കുഴിച്ചത്. റോഡിന്റെ മധ്യഭാഗത്ത് അടക്കം കുഴി വന്നതോടെ പ്രദേശത്തെ നാട്ടുകാർ അക്ഷരാർത്ഥത്തിൽ പെട്ടു. പദ്ധതിയുടെ ഭാഗമായി കുഴി കുഴിച്ച് ഒരു ദിവസം കൊണ്ട് റോഡ് കുഴിച്ച് പൈപ്പ് ഇട്ട് നിർമ്മാണം പൂർത്തിയാക്കുമെന്നാണ് ഇവിടെ നിർ്മ്മാണ പ്രവർത്തനങ്ങൾക്കായി എത്തിയവർ നാട്ടുകാർക്ക് ഉറപ്പ് നൽകിയിരുന്നത്. എന്നാൽ, മൂന്നു ദിവസം കഴിഞ്ഞിട്ടും ഇവരുടെ വീടിന്റെ മുന്നിലെ മണ്ണ് പോലും നീക്കം ചെയ്തിട്ടില്ലെന്ന പരാതിയാണ് ഉയരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത്തരത്തിൽ കുഴിച്ച മണ്ണ് മുഴുവൻ റോഡിൽ കിടന്നതോടെ നാട്ടുകാർക്ക് ഈ റോഡിലൂടെയുള്ള യാത്ര ദുഷ്‌കരമായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അടിയന്തരമായി നിർമ്മാണം പൂർത്തിയാക്കി റോഡ് ഗതാഗതത്തിനായി തുറന്ന് നൽകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. എന്നാൽ, വിഷയത്തിൽ ഇതുവരെയും പരാതി ലഭിച്ചിട്ടില്ലെന്നു പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ പറഞ്ഞു. വിഷയത്തിൽ പരാതി ഉയർന്നാൽ ഉടൻ തന്നെ നടപടി സ്വീകരിക്കും. വിഷയം പരിഹരിക്കാൻ വേണ്ട ഇടപെടൽ ഉണ്ടാകുമെന്നും പ്രസിഡന്റ് പറഞ്ഞു.