കോട്ടയം : തമിഴ്നാടൻ കുറുവകളും അതിൻ്റെ മറവിൽ നാടൻ കുറുവകളും മോഷണവും മോഷണ ശ്രമവുമായി നാട്ടിൽ കറങ്ങി നടക്കുമ്പോൾ കള്ളന്മാരെ കുടുക്കാൻ ജനമൈത്രി കരുത്താക്കി കടുത്തുരുത്തി പൊലീസ്. കടുത്തുരുത്തി പൊലീസ് സ്റ്റേഷൻ പരിധിയിൽ പഞ്ചായത്തിൻ്റെയും നാട്ടുകാരുടെയും സഹായത്തോടെ പെട്രോളിങ് ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. രാത്രി കാലത്ത് നാട്ടുകാരുടെ സഹകരണത്തോടെ കനത്ത പെട്രോളിങ്ങാണ് സ്റ്റേഷൻ പരിധിയിൽ നടത്തുന്നത്. കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ടി.എസ് റെനീഷ് , എസ് ഐ ശരണ്യ , കടുത്തുരുത്തി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജിൻസി എബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് രാത്രി കാല പെട്രോളിങ് നടത്തുന്നത്.
മുട്ടുചിറ ഭാഗങ്ങളിൽ മോഷ്‌ടാക്കളുടെ ശല്യം രൂക്ഷമായതോടെയാണ് പൊലീസ് സംഘം നാട്ടുകാരുമായി കൈ കോർത്ത് പ്രതിരോധം തീർത്തത്. ആലപ്പുഴയിൽ കുറുവാ സംഘം അറസ്റ്റിൽ ആയതിനു പിന്നാലെ , കടുത്തുരുത്തി മുട്ടുചിറയിൽ എത്തിയതും കുറുവ സംഘമാണ് എന്ന നിലയിൽ പ്രചാരണം ഉണ്ടായി. മൂന്നു ദിവസങ്ങളായി കടുത്തുരുത്തി, ചിത്താന്തി, മുട്ടുചിറ പ്രദേശങ്ങളിലാണ് മോഷ്ടാക്കളുടെ ശല്യം അതിരൂക്ഷമായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒട്ടേറെ വീടുകളിൽ മോഷ്ടാക്കൾ എത്തിയതായി പരാതി ഉയർന്നിരുന്നു. അർധരാത്രിക്കു ശേഷമാണ് മോഷ്ടാക്കൾ എത്തുന്നത്. വീട്ടുകാർ ഉണർന്നതിനാൽ മോഷണം നടത്താനായിട്ടില്ല. ചിത്താന്തിയിൽ കഴിഞ്ഞ ദിവസം എത്തിയത് രണ്ട് മോഷ്ടാക്കളാണ്. കാവി മുണ്ടും തലയിൽ മങ്കി തൊപ്പിയും ധരിച്ചാണ് ഇവരുടെ സഞ്ചാരമെന്നും നാട്ടുകാർ പറയുന്നു. പാറക്കാല വിനുവിൻ്റെ വീട്ടിലാണ് മോഷ്ടാക്കൾ ആദ്യം എത്തിയത്. പുലർച്ചെ രണ്ട് മണിയോടെ മുറ്റത്ത് കൂടി ആരോ നടക്കുന്നത് കേട്ട് വീട്ടുകാർ ഉണർന്നതോടെ മോഷ്ടാക്കൾ ഓടി. മുട്ടുചിറ അങ്കണവാടിക്കു സമീപമുള്ള വീട്ടിലും മോഷ്ടാക്കൾ എത്തി. കടുത്തുരുത്തി തളിയിൽ ക്ഷേത്ര ഭാഗത്തുള്ള വീടുകളിലും മോഷ്ടാക്കൾ എത്തിയതായി പരാതി ഉയർന്നു.
നാട്ടുകാരിൽ ചിലർ പിന്നാലെ ഓടിയെങ്കിലും മോഷ്ടാക്കളുടെ കയ്യിൽ പൊതിയായി സൂക്ഷിച്ചിരുന്ന കുപ്പിച്ചില്ലുകളും ചെറിയ ഒരു വിഗ്രഹവും നാട്ടുകാർക്ക് ലഭിച്ചു. ഇതേ തുടർന്നാണ് പ്രദേശത്ത് പെട്രോളിങ് ശക്തമാക്കാൻ പോലീസ് തീരുമാനിച്ചത്. സംഭവത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസി എലിസബത്തിന്റെ നേതൃത്വത്തിൽ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനുശേഷമാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പൊലീസ് ജനമൈത്രി യോഗം വിളിച്ചു ചേർത്തത്. തുടർന്ന്, നാട്ടുകാരുടെ സഹകരണത്തോടെ രാത്രികാലത്ത് പെട്രോളിങ് ആരംഭിക്കുകയായിരുന്നു. പോലീസ് സംഘം നാട്ടുകാരുമായി കൈകോർത്ത് പെട്രോളിങ് ഇറങ്ങിയതോടെ മോഷ്ടാക്കളുടെ ശല്യം കുറയ്ക്കാനും സാധിച്ചിട്ടുണ്ട്.