കോട്ടയം: റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ ട്രെയിനിൽ നിന്നു വീണ യാത്രക്കാരിയ്ക്ക് സാരമായി പരിക്കേറ്റു. തലയടിച്ചു ട്രാക്കിൽ വീണാണ് ഇവർക്ക് പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റ ഇവർ പ്‌ളാറ്റ് ഫോമിൽ കിടന്നത് ഇരുപത് മിനിറ്റോളം. വിജയവാഡയിലേയ്ക്കു പോകാൻ നിന്ന ആന്ധ്രസ്വദേശിയായ വീട്ടമ്മയ്ക്കാണ് പരിക്കേറ്റത്. ഇവരെ ആർപിഎഫും റെയിൽവേ പൊലീസും ചേർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ നിന്നും നാഗമ്പടം ബസ് സ്റ്റാൻഡിലേയ്ക്കുള്ള പ്രവേശന കവാടം അടച്ചു കെട്ടിയതിനാൽ ഇരുപത് മിനിറ്റോളം ട്രാക്കിലൂടെ ഇവരെ ചുമന്നെടുത്ത ശേഷമാണ് ആശുപത്രിയിലേയ്ക്കു മാറ്റിയത്.
തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെ കോട്ടയം നാഗമ്പടത്ത് റെയിൽവേ സറ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലാണ് അപകടം ഉണ്ടായത്. വിജയവാഡയിലേയ്ക്കു പോകുന്നതിനാണ് ഇവർ റെയിൽവേ സ്‌റ്റേഷനിൽ എത്തിയത്. നാളെ പോകുന്നതിനായി ഇവർക്ക് റിസർവേഷൻ ടിക്കറ്റ് കൈവശമുണ്ടായിരുന്നു. എന്നാൽ, അമ്മയ്ക്ക് അപ്രതീക്ഷിതമായി സുഖമില്ലാതെ വന്നതോടെ ഇന്നത്തേയ്ക്ക് ഇവർ യാത്ര മാറ്റുകയായിരുന്നു. തുടർന്ന്, സ്‌റ്റേഷനിൽ എത്തി സാദാ ടിക്കറ്റുമായി ഇവർ എ.സി കമ്പാർട്ട്‌മെന്റിൽ കയറിയതായി പൊലീസ് ഉദ്യോസ്ഥർ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ട്രെയിൻ നീങ്ങിത്തുടങ്ങിയതിനിടെ യാത്രക്കാരി പ്ലാറ്റ്‌ഫോമിൽ വീണു കിടക്കുന്നതായി പരാതി ഉയർന്നതിനെ തുടർന്ന് മറ്റു യാത്രക്കാരാണ് വിവരം റെയിൽവേ പൊലീസിൽ അറിയിച്ചത്. പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയപ്പോഴാണ് ഇവരെ തിരിച്ചറിഞ്ഞത്. തുടർന്ന്, ആംബുലൻസ് വിളിച്ചു വരുത്തി. എന്നാൽ, ആംബുലൻസ് ഗുഡ്് ഷെഡ് റോഡിലാണ് എത്തിയത്. തുടർന്ന്, ഈ ആംബുലൻസിലേയ്ക്ക് പരിക്കേറ്റ യാത്രക്കാരിയെ അഞ്ച് പ്ലാറ്റ്‌ഫോമുകളിലൂട സ്ട്രച്ചറിൽ ചുമന്നാണ് ആംബുലൻസിൽ എത്തിച്ചത്. ഇതിനായി ഇരുപത് മിനിറ്റോളം വേണ്ടി വന്നിട്ടുണ്ട്.
റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ രോഗിയെ കൊണ്ടു പോകുന്നതിനായി സ്ട്രച്ചർ പോലുമില്ലായിരുന്നതായി യാത്രക്കാർ പറയുന്നു. ഇത്തരത്തിൽ യാത്രക്കാരി പരിക്കേറ്റ് കിടന്നിട്ട് പോലും കൃത്യമായ സൗകര്യം ഒരുക്കാൻ റെയിൽവേയ്ക്ക് സാധിച്ചിട്ടില്ല. തുടർന്ന് റെയിൽവേ പൊലീസിന്റെ സഹായത്തോടെ ആർപിഎഫ് ഉദ്യോഗസ്ഥരും ആംബുലൻസ് ജീവനക്കാരും ചേർന്നാണ് ഇവരെ റെയിൽവേ ട്രാക്ക് മുറിച്ച് കടന്ന് ആശുപത്രിയിൽ എത്തിച്ചത്. റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്‌ളാറ്റ്‌ഫോമിൽ നിന്നും നാഗമ്പടം ബസ് സ്റ്റാൻഡിലേയ്ക്കുള്ള പ്രവേശന കവാടം അടച്ചതിനാലാണ് ഇത്തരത്തിൽ ബുദ്ധിമുട്ട് നേരിട്ടത്. ഈ പ്രവേശന കവാടം അടച്ചതോടെ ഒന്നാം നമ്പർ പ്‌ളാറ്റ്‌ഫോമിൽ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ പ്രാഥമിക പ്രവർത്തനം നടത്താൻ പോലും കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട സ്ഥിതിയാണ്.