കോട്ടയം: കെ.കെ റോഡിൽ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോയ്ക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തു. ഇദ്ദേഹത്തിന്റെ ഭാര്യയും കുട്ടിയും ഓട്ടോറിക്ഷയ്ക്കുള്ളിലുണ്ടായിരുന്നു. പരിക്കേറ്റ ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാറമ്പുഴ അയ്മനത്ത് പുഴ വട്ടേറ്റ് വീട്ടിൽ ബിജു (44), ഇദ്ദേഹത്തിന്റെ ഭാര്യ, കുഞ്ഞ് എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ബിജുവിനെ ജെ.കെ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയക്കു മാറ്റി.
ശനിയാഴ്ച രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം. കോട്ടയം ഭാഗത്തേയ്ക്കു വരികയായിരുന്ന സ്വകാര്യ ബസിൽ എതിർ ദിശയിൽ നിന്നും എത്തിയ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോയുടെ മുൻ ഭാഗം പൂർണമായും തകർന്നു. ഓട്ടോടാക്‌സി ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാർ വിവരം അറിയിച്ചതോടെ അഗ്നിരക്ഷാ സേനാ സംഘവും പൊലീസും സ്ഥലത്ത് എത്തിയിരുന്നു. എന്നാൽ, അഗ്നിരക്ഷാ സേനയെത്തും മുൻപ് തന്നെ നാട്ടുകാർ ബിജുവിനെ രക്ഷിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്നു, സമീപത്തു തന്നെയുള്ള ജെ.കെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റിയത്. അപകടത്തെ തുടർന്നു പതിനഞ്ച് മിനിറ്റോളം ഇയാൾ വണ്ടിയ്ക്കുള്ളിൽ കുടുങ്ങിക്കിടന്നു. സാരമായി ബിജുവിന് പരിക്കേറ്റിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന.