കോട്ടയം : കോട്ടയം കുറവിലങ്ങാട് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞുണ്ടായത് വലിയ അപകടം. ഒഴിവായത് വന്‍ ദുരന്തം. ഇന്ന് പകല്‍ 11.30 ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം. എതിർ ദിശയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ബസിൻ്റെ പിന്നിലെ ടയറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിൻ്റെ പിന്നിലെ ഇരു ടയറുകളും ഊരിത്തെറിച്ചു. ഇതോടെ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. കാറിൻ്റെ ഡ്രൈവർ ഉറങ്ങിപ്പോയതാകാം കാറിൻ്റെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
കാർ വരുന്നത് കണ്ട് ബസ് വെട്ടിച്ച് മാറ്റിയതോടെ അടുത്തുള്ള ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ച ശേഷമാണ് ബസ് റോഡിലേക്ക് മറിഞ്ഞത്. 36 ഓളം യാത്രക്കാരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ ഇവരെ കോട്ടയം കാരിത്താസ് ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല.അപകടത്തെ തുര്‍ന്ന് എംസി റോഡില്‍ ഗതാഗതം മണിക്കൂറോളം തടസ്സപ്പെട്ടു. പ്രദേശത്തേക്ക് വൻ ജനക്കൂട്ടമാണ് ഒഴുകിയെത്തിയത്. ഫയര്‍ഫോഴ്സ് സംഘം എത്തി റോഡില്‍ വീണ ഓയില്‍ ഉള്‍പ്പടെ കഴുകി വൃത്തിയാക്കി. ക്രയിനുപയോഗിച്ചാണ് ബസ് റോഡില്‍ നിന്നും ഉയർത്തി മാറ്റിയത്.