49 ദിവസത്തെ ആശങ്കയ്ക്ക് അറുതി..! കോട്ടയം നാട്ടകം അഭയ ഫ്യൂണറൽ സർവീസ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം സംസ്‌കരിച്ചു

കോട്ടയം: പനിബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചതിനെ തുടർന്ന് 49 ദിവസമായി കോട്ടയം നാട്ടകത്തെ സ്വകാര്യ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളിയായ 16 കാരന്റെ മൃതദേഹം ഒടുവിൽ സംസ്‌കരിച്ചു. കരാറുകാരനോ ബന്ധുക്കളോ തിരിഞ്ഞ് നോക്കാതിരുന്ന മൃതദേഹം ചിങ്ങവനം പൊലീസിന്റെ ഇടപെടലിനെ തുടർന്നാണ് സംസ്‌കരിച്ചത്. മധ്യപ്രദേശ് സ്വദേശിയായ അമൻ കുമാർ എന്ന 16 കാരന്റെ മൃതദേഹമാണ് ഇന്നലെ ബന്ധുക്കളുടെ സമ്മതപത്രം ലഭിച്ചതിനെ തുടർന്ന് ചിങ്ങവനം പൊലീസിന്റെ നേതൃത്വത്തിൽ മുട്ടമ്പലം നഗരസഭ ശ്മശാനത്തിൽ സംസ്‌കരിച്ചത്. ജാഗ്രത ന്യൂസ് അടക്കമുള്ള മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചതോടെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ വിഷയത്തിൽ ഇടപെടുകയും ചിങ്ങവനം പൊലീസിനോട് കർശന നടപടിയെടുക്കാൻ നിർദേശിക്കുകയുമായിരുന്നു. ഇതേ തുടർന്നാണ് ബന്ധുക്കളുടെ സമ്മത പത്രം വാങ്ങിയ ശേഷം മൃതദേഹം കോട്ടയത്ത് തന്നെ സംസ്‌കരിച്ചത്.

Advertisements

ഇടുക്കിയിലെ തെയിലത്തോട്ടത്തിൽ ജോലിയ്ക്കായി എത്തിയതായിരുന്നു 16 കാരനായ അമൻകുമാർ. കഴിഞ്ഞ മാസം എട്ടിനാണ് ഇയാൾ മഞ്ഞപ്പിത്തവും പനിയും ബാധിച്ച് മരിക്കുന്നത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരിച്ച ഇയാളുടെ മൃതദേഹം നാട്ടിലേയ്ക്കു കയറ്റി അയക്കുന്നതിനായി കോട്ടയം നാട്ടകത്തെ അഭയ ഫ്യൂണർ സർവീസിൽ എത്തിച്ചു. എന്നാൽ, നാട്ടിലേയ്ക്കു കയറ്റി അയക്കുന്നതിനു മുന്നോടിയായി നടത്തിയ പരിശോധനയിൽ ഡെത്ത് സർട്ടിഫിക്കറ്റിൽ പേരിൽ പിഴവുണ്ട് എന്ന് കണ്ടെത്തി. ഇത് തിരുത്തുന്നതിനായാണ് മൃതദേഹം നാട്ടകത്തെ അഭയ ഫ്യൂണറൽ സർവീസ് മോർച്ചറയിൽ സൂക്ഷിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ, എട്ടു ദിവസത്തിന് ശേഷമാണ് അമനിന്റെ കരാറുകാരന്റെ നിർദേശ പ്രകാരം ഇതര സംസ്ഥാന തൊഴിലാളിയായ ഒരാൾ സ്ഥലത്ത് എത്തുന്നത്. ഇയാൾ മൃതദേഹം ഏറ്റെടുക്കാൻ എത്തിയെങ്കിലും മോർച്ചറിയുടെ ഫീസ് ഉണ്ടെന്ന് അറിയിച്ചതോടെ മുങ്ങുകയായിരുന്നു. പിന്നീട് ദിവസങ്ങളോളം കഴിഞ്ഞിട്ടും ആരും മൃതദേഹം ഏറ്റെടുക്കാൻ എത്തിയില്ല. ഇതേ തുടർന്ന് അഭയ ഫ്യൂണർ സർവീസ് അധികൃതർ ചിങ്ങവനം പൊലീസിൽ പരാതി നൽകി. ഇതിന് ശേഷം ചിങ്ങവനം പൊലീസ് സംഘം ഇടുക്കി സ്വദേശിയായ കരാറുകാരനെ വിളിച്ചു വരുത്തി.

എത്രയും വേഗം മൃതദേഹം സംസ്‌കരിക്കാൻ നടപടി സ്വീകരിക്കുമെന്ന് ഇയാൾ ഉറപ്പ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു മാസത്തോളം കാത്തിരുന്നു എങ്കിലും ആരും എത്തിയില്ല. തുടർന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ വിഷയത്തിൽ ഇടപെടുന്നത്. ഇതിന് ശേഷം ചിങ്ങവനം പൊലീസ് കരാറുകാരനെതിരെ കേസെടുക്കുകയും, അമന്റെ ബന്ധുക്കളെ ബന്ധപ്പെടുകയും ചെയ്തു. നാട്ടിൽ നിന്നും കേരളത്തിലേയ്ക്ക് എത്താൻ സാമ്പത്തിക സ്ഥിതി ഇല്ലെന്ന് അറിയിച്ച ഇവർ മൃതദേഹം കേരളത്തിൽ തന്നെ സംസ്‌കരിക്കാൻ സമ്മത പത്രം നൽകുകയും ചെയ്തു. ഇതോടെ ഇന്നലെ വൈകിട്ട് മൃതദേഹം ഏറ്റെടുത്ത ചിങ്ങവനം പൊലീസ് അധികൃതർ, ഇത് മുട്ടമ്പലം ശ്മശാനത്തിൽ എത്തിച്ച് സംസ്‌കരിച്ചു. ഇതോടെയാണ് 49 ദിവസം നീണ്ടു നിന്ന ആശങ്കയ്ക്ക് അറുതിയായത്. ചിതാഭസ്തമം പൊലീസ് തന്നെ ബന്ധുക്കൾക്ക് അയച്ചു നൽകും.

Hot Topics

Related Articles