കോട്ടയം അയർക്കുന്നത്ത് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽക്കാൻ എത്തിച്ച 30 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ; തിരുവഞ്ചൂർ സ്വദേശികളായ യുവാക്കളെ പിടികൂടിയത് അയർക്കുന്നം പൊലീസ് സംഘം

കോട്ടയം: അയർക്കുന്നത്ത് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽക്കാൻ കഞ്ചാവുമായി എത്തിയ രണ്ടംഗ സംഘത്തെ പൊലീസ് പിടികൂടി. മണർകാട് തിരുവഞ്ചൂർ പള്ളിപ്പറമ്പിൽ ജിബുമോൻ പി.പീറ്റർ (മിഥുൻ -25), തിരുവഞ്ചൂർ നരിമറ്റം സരസ്വതി നിവാസിൽ അശ്വിൻ. എ (25) എന്നിവരെയാണ് കഞ്ചാവുമായി അയർക്കുന്നം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കൊങ്ങാണ്ടൂർ മുടപ്പല ഭാഗത്ത് വച്ചാണ് ഇരുവരെയും പൊലീസ് സംഘം പിടികൂടിയത്. പ്രദേശത്ത് വ്യാപകമായി വിദ്യാർത്ഥികൾക്കും യുവാക്കൾക്കും കഞ്ചാവ് എത്തിക്കുന്നതായി ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ ഡെൻസാഫ് ടീമിന്റെ നേതൃത്വത്തിൽ പ്രദേശത്ത് ലഹരിമരുന്ന് കണ്ടെത്തുന്നതായി ദിവസങ്ങളോളം നിരീക്ഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് പ്രതികളായ രണ്ടു പേരും കഞ്ചാവ് വിൽക്കാൻ സ്ഥലത്ത് എത്തിയതായി വിവരം ലഭിച്ചത്. തുടർന്ന്, ഇൻസെപെക്ടർ എസ്.എച്ച്.ഒ അനൂപ് ജോസ്, എസ്.ഐ സജു ടി.ലൂക്കോസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ജിജോ തോമസ്, അരുൺകുമാർ അനീഷ് എന്നിവരും ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്. കേസെടുത്ത ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.

Advertisements

Hot Topics

Related Articles