അയ്മനം: പഞ്ചായത്തിൽ ഒളശയിലും പരിസരത്തും തെരുവുനായ ശല്യം അതിരൂക്ഷമാകുന്നതായി പരാതി. ഒളശ ചേരിത്താഴെ പാലം മുതൽ കരുമാൻകാവ് സിഎംഎസ് ഹൈസ്കൂൾ ഭാഗങ്ങളിലാണ് നായ ശല്യം അതിരൂക്ഷമായി തുടരുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടയിൽ പ്രദേശത്ത് തന്നെ നിരവധി ആളുകൾക്കാണ് നായയുടെ കടിയേറ്റത്. ഈ സാഹചര്യത്തിൽ അധികൃതർ കർശന നടപടിയെടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
സ്കൂൾ കുട്ടികളെ തെരുവുനായ്ക്കൾ ആക്രമിക്കുന്നത് ഒരു പതിവുസംഭവമായിരിക്കുന്നതായാണ് പ്രദേശവാസികളുടെ പരാതി. നായ്ക്കളെ ഭയന്ന് മാതാപിതാക്കളുടെ അകമ്പടിയോടെ ആണ് സ്കൂളിലും ട്യൂഷനും ഇപ്പോൾ കുട്ടികൾ പോകുന്നത്. വീടുകളിൽ കിടക്കുന്ന ചെരുപ്പുകളും ചവിട്ടികളും നശിപ്പിക്കുകയും ഉണങ്ങാനായി വെച്ചിരിക്കുന്ന പലതും ഉപയോഗശൂന്യമാക്കുകയും ചെയ്യുന്നതും ഒരു നിത്യ സംഭവമായിരിക്കുന്നു. ഈ സാഹചര്യത്തിൽ പഞ്ചായത്ത് അധികൃതർ അടക്കമുള്ളവർ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.