കോട്ടയം: നഗരമധ്യത്തിൽ എം.സി റോഡിൽ ബേക്കർ ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റത് നട്ടാശേരി സ്വദേശിയായ ഓട്ടോ ഡ്രൈവർക്ക്. അപകടത്തെ തുടർന്ന് ഓട്ടോറിക്ഷയ്ക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ അഗ്നിരക്ഷാ സേനയെത്തി ഓട്ടോവെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അപകടത്തിൽ പരിക്കേറ്റ നട്ടാശ്ശേരി പള്ളിപ്പുറത്ത്മ്യാലിൽ മോൻസ് (32), പനയക്കിഴിപ്പ് കാവവിള അനുജിത്ത് (28) എന്നിവർക്കാണ് പരിക്കേറ്റത്.
കോട്ടയം നഗരമധ്യത്തിൽ ബേക്കർ ജംഗ്ഷനിൽ ഞായറാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. സി.എം.എസ് കോളേജ് ഭാഗത്തു നിന്നു വരികയായിരുന്നു ഇന്നോവ. ഈ സമയത്താണ് തിരുനക്കര ഭാഗത്തു നിന്നും ഓട്ടോറിക്ഷ എത്തിയത്. രാത്രിയായതിനാൽ ഓട്ടോറിക്ഷ ഓടിയെത്തുന്നത് ഇന്നോവയുടെ ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടില്ല. ഇന്നോവ മുന്നോട്ട് എടുത്തതും ഓട്ടോറിക്ഷയിൽ ഇടിച്ചതും ഒന്നിച്ചായിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷ റോഡിൽ മറിഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റോഡിൽ വീണ ഓട്ടോറിക്ഷയ്ക്കുള്ളിൽ ഡ്രൈവർ കുടുങ്ങിക്കിടന്നു. നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഓട്ടോ ഡ്രൈവറെ പുറത്ത് എത്തിക്കാൻ സാധിച്ചില്ല. പൊലീസ് കൺട്രോൾ റൂം വാഹനം എത്തി അഗ്നിരക്ഷാ സേനാ സംഘത്തെ വിളിച്ചു വരുത്തി. തുടർന്ന്, അഗ്നിരക്ഷാ സേനയാണ് ഓട്ടോറിക്ഷ വെട്ടിപ്പൊളിച്ച് ഡ്രൈവറെ പുറത്തെടുത്തത്. അപകടത്തിൽ സാരമായി പരിക്കേറ്റ ഓട്ടോറിക്ഷയിലെ യാത്രക്കാരൻ റോഡിൽ വീണ് കിടക്കുകയായിരുന്നു. ഇയാളെ നാട്ടുകാർ ചേർന്ന് പൊലീസ് സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചു. പരിക്കേറ്റയാളുടെ സ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. അപകടത്തെ തുടർന്ന് അരമണിക്കൂറോളം ബേക്കർ ജംഗ്ഷനിൽ ഗതാഗതവും തടസപ്പെട്ടു.