കോട്ടയം : ഉന്നതവിദ്യാഭ്യാസ രംഗത്ത് മികവിൻ്റെ അറുപത് വർഷങ്ങൾ പൂർത്തിയാക്കി ജൈത്രയാത്ര തുടരുന്ന ബസേലിയസ് കോളജിൻ്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോളജിലെ പൂർവ്വവിദ്യാർത്ഥികളിൽ നിന്ന് വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അഞ്ചുപേർക്ക് ബസേലിയസ് കോളജ് വജ്രജൂബിലി ബസേലിയൻ ശ്രേഷ്ഠ പുരസ്കാരം നൽകി ആദരിക്കും. പൊതുപ്രവർത്തന രംഗത്തു നിന്ന് മുൻ ആഭ്യന്തരവകുപ്പി മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, കലസാംസ്കാരിക രംഗത്തു നിന്ന് ചലച്ചിത്രനടൻ വിജയരാഘവൻ, നീതിന്യായ വിഭാഗത്തിൽ നിന്ന് ഹൈക്കോടതി ജഡ്ജി വി.ജി. അരുൺ, സംരംഭക മേഖലയിൽ നിന്ന് വിസാറ്റ് ആൻഡ് യൂണിസിസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ രാജു കുര്യൻ, കായികമേഖലയിൽ നിന്ന് അർജ്ജുന അവാർഡ് ജേതാവി ഒളിമ്പ്യൻ ജിൻസൺ ജോൺസൺ എന്നിവർക്കാണ് ബസേലിയൻ ശ്രേഷ്ഠ പുരസ്കാരം നൽകുന്നത്.
25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. ഫെബ്രുവരി 17 ശനിയാഴ്ച വൈകിട്ട് 5.30ന് കോളജിലെ ഉപ്പുട്ടിൽ കുര്യൻ മെമ്മോറിയൽ ആംഫി തീയറ്ററിൽ നടക്കുന്ന അവാർഡ് നിശയിൽ വച്ച് തുറമുഖം-സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പുരസ്കാരങ്ങൾ സമ്മാനിക്കും. തോമസ് ചാഴികാടൻ എം.പി., എം.എൽ.എ.മാരായ മോൻസ് ജോസഫ്, ജോബ് മൈക്കിൾ, മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, മുനിസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, എംജി സർവകലാശാല സിൻഡിക്കേറ്റ് അംഗം റെജി സക്കറിയ, ഓർത്തഡോക്സ് സഭാ വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വർഗീസ് അമയിൽ, പൂർവവിദ്യാർത്ഥിയും സിനിമ നിർമ്മാതാവുമായ സന്തോഷ് ടി. കുരുവിള, രാജ്യാന്തര ബാസ്കറ്റ് ബോൾ താരം മുഹമ്മദ് ഇക്ബാൽ എന്നിവർ അതിഥികളായിരിക്കും. അവാർഡ് നിശയുടെ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറും. ഒരുവർഷം നീണ്ടുനിൽക്കുന്ന വജ്രജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസാണ് ഉദ്ഘാടനം ചെയ്തത്. വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോളജിലെ ഭവനരഹിതരായ വിദ്യാർത്ഥികളിൽ നിന്ന് തിരഞ്ഞെടുത്ത വിദ്യാർഥികൾക്ക് വീടുവച്ചു നൽകുന്ന ‘ബേസിൽ ഹോം’ പദ്ധതിയുടെ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അധ്യാപകരും വിദ്യാർഥികളും നാഷണൽ സർവീസ് സ്കീമും ചേർന്നാണ് വീടുകൾ നിർമിച്ച് നൽകുന്നത്. ഒപ്പം മലങ്കര ഓർത്തഡോക്സ് സഭയുടെ ‘സഹോദരൻപദ്ധതി’യുടെ സഹകരണത്തോടെയും വീട് നിർമിച്ചു നൽകുന്നുണ്ട്. വീടുകളുടെ നിർമാണം അവസാനഘട്ടത്തിലാണ്. മാർച്ചിൽ വീട് നിർമാണം പൂർത്തീകരിച്ച് താക്കോൽ കൈമാറും. വജ്രജൂബിലിയുടെ ഭാഗമായി പൂർവവിദ്യാർഥികളുടെ നേതൃത്വത്തിൽ 20 ലക്ഷം രൂപ ചെലവാക്കി 75 വിദ്യാർത്ഥികൾക്ക് ഇരുന്നുകാണാൻ കഴിയുന്ന അത്യാധുനിക ഡിജിറ്റൽ തീയേറ്റർ നിർമിച്ച് നൽകിയിട്ടുണ്ട്. കോളജിലെ അധ്യാപകരുടെയും അനധ്യാപകരുടെയും തലമുറസംഗമമായ ഹ്യദ്യം പരിപാടി നവംബറിൽ നടത്തിയിരുന്നു. കൂടാതെ കോളജിലെ പഠനവിഭാഗങ്ങൾ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒട്ടേറെ ദേശീയ-അന്തർദേശീയ സെമിനാറുകളും ശില്പശാലകളും നടത്തിവരികയാണ്. കോളജിൽ നിന്ന് പഠിച്ചിറങ്ങി, വിവിധമേഖലകളിൽ സംരംഭകരായവരുടെ സംഗമം ഉടൻ തന്നെ നടക്കും. വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനം ജൂലൈ 100 നടക്കും. പാഠ്യപാഠ്യേതര മേഖലകളിൽ ഇത്തരത്തിൽ വ്യത്യസ്തവും നൂതനവുമായ ഒട്ടേറെ പ്രവർത്തനങ്ങളാണ് കോളജിൽ നടന്നു വരുന്നതെന്നും ബസേലിയൻ ശ്രേഷ്ഠ അവാർഡുനിശയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. ബിജു തോമസ്, ജനറൽ കൺവീനർ പ്രഫ. ഡോ. പി. ജ്യോതിമോൾ, കോളജ് ബർസാർ ഡോ. ആനി ചെറിയാൻ ശ്രേഷ്ഠ പ്രോഗ്രാം കൺവീനർ പ്രൊഫ. ഡോ. മനോജ് നാരായണൻ കെ. എസ്, പബ്ലിസിറ്റി കമ്മറ്റി കൺവീനർ ഡോ. ജ്യോതി സൂസൻ ഏബ്രഹാം എന്നിവർ അറിയിച്ചു.