കോട്ടയം : കേരളത്തിൽ ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ നയമെന്ന് തിരുവനന്തപുരം സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ഡോ. കെ. അജയകുമാർ. 19-ാംമത് ഉപ്പൂട്ടിൽ കുര്യൻ ഏബ്രഹാം മെമ്മോറിയൽ ഇന്റർകോളേജിയേറ്റ് ബസേലിയസ് ട്രോഫി ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കായിക മേഖലയിലെ വളർച്ചയ്ക്കായി എം.ജി. സർവ്വകലാശാലയിൽ 45 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടക്കുന്നു. കൂടാതെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ കൂടുതൽ സിന്തറ്റിക് ട്രാക്കുകൾ വരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്പോർട്സ് മേഖലയിലെ വളർച്ചയ്ക്കായി ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ കേരളത്തിൽ കോളജ് സ്പോർട്സ് ലീഗ് ആരംഭിച്ചു.
ഒപ്പം തന്നെ കായിക മേഖലയുടെ സമഗ്ര വികസനത്തിനായി ഒരു പഞ്ചായത്തിൽ ഒരു സ്റ്റേഡിയം എന്നത് നടപ്പാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ബിജു തോമസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. പി. ജ്യോതിമോൾ, പ്രൊഫ. ടി.എം. മാത്യു, ഫാ. ദീപു ഫിലിപ്പ്, സന്തോഷ് ട്രോഫി ഫുട്ബോൾ താരവും പൂർവ വിദ്യാർത്ഥിയുമായ ജസ്റ്റിൻ ജോർജ്, ഏബ്രഹാം സി. ജേക്കബ്ബ്, കോളജ് യൂണിയൻ ചെയർപേഴ്സൺ അമിത് മാത്യു തോമസ്, ജനറൽ കൺവീനർ ഫാ. ജിബി കെ. പോൾ, ഓർഗനൈസിങ് സെക്രട്ടറി ശ്രാവൺ ശശികുമാർ എന്നിവർ പ്രസംഗിച്ചു. ഇന്നലെ നടന്ന ആദ്യമത്സരത്തിൽ ബസേലിയസ് കോളജ് ബ്ലൂ ടീമിനെ പരാജയപ്പെടുത്തി കൊല്ലം എസ്.എൻ. കോളജ് വിജയികളായി. നാളെ (സെപ്റ്റംബർ 13) രാവിലെ 8.30ന് നടക്കുന്ന മത്സരത്തിൽ ചങ്ങനാശേരി എസ്.ബി. കോളജും മൂവാറ്റപുഴ നിർമ്മല കോളജും തമ്മിൽ ഏറ്റുമുട്ടും.