മാന്നാനം: കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുസ്തകനിറവ് പദ്ധതിക്ക് മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തുടക്കമായി. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം കോട്ടയം ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉദ്ഘാടനം ചെയ്തു. സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച കെ.ഇ. സ്കൂൾ പ്രിൻസിപ്പാൾ റവ.ഡോ. ജെയിംസ് മുല്ലശ്ശേരി സി.എം.ഐ. അച്ചനെ ചടങ്ങിൽ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ആദരിച്ചു. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം സജിത അനിൽ സ്വാഗതവും, ബാലസാഹിത്യ പുരസ്കാര ജേതാവ് സുരേഷ്കുമാർ വി.കെ., കെ.ഇ. സ്കൂൾ വൈസ് പ്രിൻസിപ്പാൾ ഷാജി ജോർജ്ജ്, സ്കൂൾ പി.ടി.എ. പ്രസിഡന്റ് അഡ്വ. ജെയ്സൺ ജോസഫ് എന്നിവർ ആശംസകളും മലയാള വിഭാഗം അദ്ധ്യാപിക ജിനി ജോസഫ് കൃതജ്ഞതയും അർപ്പിച്ചു. കെ.ഇ. സ്കൂൾ വൈസ് പ്രിൻസിപ്പാൾ റോയി മൈക്കിൾ, ഹെഡ്മാസ്റ്റർ കെ.ഡി. സെബാസ്റ്റിയൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പുസ്തകനിറവിനോടനുബന്ധിച്ച് രണ്ടു ദിവസത്തെ പുസ്തക പ്രദർശ്ശനവും സ്കൂളിൽ സംഘടിപ്പിച്ചിട്ടുണ്ട്.