കോട്ടയം: പള്ളിക്കത്തോട് ആനിക്കാട് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഓഫിസർ കൈക്കൂലി വാങ്ങുന്നതിനായി ഇടനിലക്കാരിയെ നിയോഗിച്ചിരുന്നതായി വിജിലൻസ് കണ്ടെത്തൽ. കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസർ സമീപത്തെ കടയിൽ കൈക്കൂലി ഏൽപ്പിക്കാനാണ് നിർദേശിച്ചിരുന്നത്. ഇത്തരത്തിൽ കടയിൽ ഏൽപ്പിക്കാത്ത കൈക്കൂലി ശേഖരിക്കുന്നതിനു വേണ്ടി പെൺകുട്ടിയെയും വില്ലേജ് ഓഫിസർ നിയോഗിച്ചിരുന്നതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഓഫിസർ അയർക്കുന്നം മറ്റക്കര മണ്ണൂർപള്ളി വാണിയംപുരയിടത്തിൽ ജേക്കബ് തോമസിനെ (40) ഇന്ന് വിജിലൻസ് സംഘം കോടതിയിൽ ഹാജരാക്കും.
വെള്ളിയാഴ്ച ഉച്ചയോടെയാണ് പഞ്ചായത്ത് ഓഫിസിൽ ഇരുന്നു കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇദ്ദേഹത്തെ വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വില്ലേജ് ഓഫിസിൽ എത്തിയിരുന്ന ആളുകളിൽ നിന്നും ഡിപ്ലോമാറ്റിക് രീതിയിലാണ് ഇദ്ദേഹം കൈക്കൂലി വാങ്ങിയിരുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. പട്ടയം ലഭിച്ച ഭൂമി പോക്ക് വരവ് ചെയ്യുന്നതിനായി എത്തിയ ആനിക്കാട് സ്വദേശിയിൽ നിന്നാണ് ഇയാൾ 15000 രൂപ കൈക്കൂലി വാങ്ങിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വില്ലേജ് ഓഫിസിൽ എത്തുന്ന ആളുകളിൽ നിന്നും ഇയാൾ പ്രത്യേക രീതിയിലാണ് കൈക്കൂലി വാങ്ങിയിരുന്നതെന്നും വിജിലൻസ് സംഘം കണ്ടെത്തിയിട്ടുണ്ട്. പരാതിക്കാരനോട് കൈക്കൂലി ആവശ്യപ്പെട്ടതോടെ ഇയാൾ വിജിലൻസിനെ സമീപിക്കുകയായിരുന്നു. തുടർന്നാണ് പരാതിക്കാരൻ കൈക്കൂലി നൽകാൻ തയ്യാറായത്. പരാതിക്കാരൻ അപേക്ഷയുമായി സമീപിച്ചപ്പോൾ വില്ലേജ് ഓഫിസർ നിയോഗിച്ച ഒരു വനിതയാണ് കൈക്കൂലി നൽകിയാൽ കാര്യം നടക്കും എന്ന് സൂചിപ്പിച്ചത്. പരാതിക്കാരന് പോലും മുഷിവുണ്ടാകാത്ത രീതിയിൽ വളരെ തന്ത്രപരമായി വില്ലേജ് ഓഫിസറും ഈ കാര്യം അവതരിപ്പിച്ചു.
ഇതോടെയാണ് വിജിലൻസ് സംഘത്തിന് പരാതിക്കാരൻ പരാതി നൽകിയത്. തുടർന്നു വിജിലൻസ് സംഘം പരാതിക്കാരന് ഫിനോഫ്തലിൻ പൗഡർ പുരട്ടിയ നോട്ടുകൾ നൽകുകയായിരുന്നു. ഈ നോട്ടുമായി വില്ലേജ് ഓഫിസറെ സമീപിച്ചെങ്കിലും ആർക്കും സംശയം തോന്നാതിരിക്കാൻ ഇയാൾ പല തവണ പരാതിക്കാരനെ നടത്തിച്ചു. വിവിധ സ്ഥലങ്ങൾ പല തവണ മാറ്റിപ്പറഞ്ഞാണ് ഇയാൾ പരാതിക്കാരനെ കൈക്കൂലി തുകയുമായി നടത്തിച്ചത്. ഒടുവിൽ വില്ലേജ് ഓഫിസിനുള്ളിലേയ്ക്ക് ഇയാൾ കടന്നു വന്നു. പണം കവറിലിട്ട ശേഷം , ഇത് ആധാരത്തിന്റെ കോപ്പിയ്ക്കുള്ളിൽ വച്ച് ഒരു ഫയലിനുള്ളിലാക്കി വേണം തനിക്ക് നൽകാനെന്നായിരുന്നു നിർദേശം. ഇത്തരത്തിൽ പണവുമായി എത്തിയ പരാതിക്കാരൻ പണം കൈമാറി. തുടർന്നു, ഫയലിൽ നിന്നും പണം പുറത്തെടുക്കുന്നതിനിടെ വിജിലൻസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു.
നേരത്തെ കെ.സി.വൈഎമ്മിന്റെ സംസ്ഥാന ഭാരവാഹിയായിരുന്ന ഇദ്ദേഹം, ജില്ലാ കളക്ടറേറ്റിൽ ജോലി ചെയ്യുന്നതിനിടെ റെന്റ് എ കാർ ബിസിനസ് നടത്തിയിരുന്നു. കളക്ടറേറ്റിലെ സഹപ്രവർത്തരായ ചിലരുമായി ചേർന്നാണ് ഇദ്ദേഹം റെന്റ് എ കാർ ബിസിനസ് നടത്തിയിരുന്നത്. ഇത് കൈക്കൂലിപ്പണം വെളുപ്പിക്കുന്നതിനു വേണ്ടിയുളള നടപടിയാണ് എന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് വില്ലേജ് ഓഫിസർ പിടിയിലായിരിക്കുന്നത്.
ആനിക്കാട് സ്വദേശിയുടെ സ്ഥലം പോക്കുവരവ് ചെയ്യുന്നതിനായി കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്നു ദിവസങ്ങളോളമായി വിജിലൻസ് സംഘം, വില്ലേജ് ഓഫിസറെ നിരീക്ഷിച്ചു വരികയായിരുന്നു. എന്നാൽ, ഇയാൾ നേരിട്ട് പണം കൈപ്പറ്റാൻ തയ്യാറായിരുന്നില്ല. ഒടുവിലാണ് വിജിലൻസ് സംഘം വെള്ളിയാഴ്ച ഉച്ചയോടെ ഇയാളെ കൈക്കൂലി കൈപ്പറ്റുന്നതിനിടെ ഇയാളെ പിടികൂടിയത്. വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിൽ ഡിവൈഎസ്പി വി.ആർ രവികുമാർ, ഇൻസ്പെക്ടർ രമേശ്, എസ്.ഐമാരായ തോമസ്, കെ.ആർ സുരേഷ്്, സ്റ്റാൻലി തോമസ്, ഗോപകുമാർ, എ.എസ്.ഐ ബേസിൽ പി.ഐസക്ക്, എ.എസ്.ഐ അനിൽകുമാർ, എ.എസ്.ഐ കെ.പി രജനി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ രഞ്ജിത്ത്, ടി.പി രാജേഷ്, അരുൺചന്ദ്, സൂരജ്, സുരേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.