കോട്ടയം: രോഗിയെ പരിചരിക്കുന്നതിൽ കോട്ടയം തെള്ളകത്തെ കാരിത്താസ് ആശുപത്രിയ്ക്കു ഗുരുതര വീഴ്ച വന്നതായി പരാതി. കാരിത്താസ് ആശുപത്രിയിൽ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടെത്തിയ രോഗി സ്ഥിരം മദ്യപാനിയാണെന്നു ഡോക്ടർ പരിശോധനാ റിപ്പോർട്ടിൽ രേഖപ്പെടുത്തിയതാണ് വിവാദമായി മാറിയത്. സമൂഹത്തിൽ ഉന്നത സ്ഥാനമുള്ള, മാന്യമായ ജീവിതം നയിക്കുന്ന കഞ്ഞിക്കുഴി സ്വദേശിയായ അറുപതുകാരനാണ് ആശുപത്രി അധികൃതരുടെ പിഴവിൽ ഇൻഷ്വറൻസ് നിഷേധിക്കപ്പെടുകയും, സമൂഹ മധ്യത്തിൽ അപമാനിക്കപ്പെടുകയും ചെയ്തിരിക്കുന്നത്. ഇതിനെതിരെ ഉപഭോക്തൃ കോടതിയിൽ അടക്കം പരാതി നൽകാൻ ഒരുങ്ങുകയാണ് രോഗിയും കുടുംബവും.
കഴിഞ്ഞ വർഷം ഏപ്രിൽ 30 നാണ് ജില്ലയിലെ പ്രമുഖ വ്യവസായിയും, വ്യവസായ നേതാവുമായ അറുപതുകാരനെ ശാരീരിക അസ്വസ്ഥതകളെ തുടർന്നു കോട്ടയം തെള്ളകത്തെ കാരിത്താസ് ആശുപത്രിയിൽ എത്തിച്ചു. ഇവിടെ പരിശോധന നടത്തിയ ഡോക്ടറോട് രോഗിയുടെ ഡോക്ടറായ സഹോദരൻ കാര്യങ്ങൾ തിരക്കി. എന്നാൽ, ഇത് ഇഷ്ടപ്പെടാതിരുന്ന കാരിത്താസ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ, രോഗി സ്ഥിരം മദ്യപാനിയാണെന്നും, മദ്യപിയ്ക്കുന്നതു മൂലമുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളാണ് ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണമെന്നും ചീട്ടിൽ രേഖപ്പെടുത്തി. എന്നാൽ, തുടർന്ന് അത്യാഹിത വിഭാഗത്തിൽ നിന്നു മാറി ഐസിയുവിലും മറ്റു വിഭാഗങ്ങളിലും പരിശോധന നടത്തിയെങ്കിലും ഒരിടത്തു നിന്നും ഇത്തരം ഒരു റഫറൻസ് ഉണ്ടായതേയില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന്, ആശുപത്രിയിൽ ചികിത്സ തേടിയതിന്റെ ഇൻഷ്വറൻസ് പരിരക്ഷയ്ക്കായി അപേക്ഷിച്ചപ്പോൾ സ്ഥിരം മദ്യപാനായാണെന്ന കാരണം ചൂണ്ടിക്കാട്ടി ഇൻഷ്വറൻസ് പരിരക്ഷ തള്ളുകയായിരുന്നു. ഇതോടെ രോഗിയും ബന്ധുക്കളും ആശുപത്രി അധികൃതരെ സമീപിച്ചു. എന്നാൽ, കാരിത്താസ് ആശുപത്രി അധികൃതർ ഈ വിഷയത്തിൽ കൈമർത്തി. റിപ്പോർട്ട് തിരുത്താനോ തങ്ങൾക്ക് ഒന്നും ചെയ്യാനോ സാധിക്കില്ലെന്ന് അറിയിച്ച ആശുപത്രി അധികൃതർ കേസിനു പോകാനാണ് രോഗിയോടും ബന്ധുക്കളോടും നിർദേശിച്ചത്. ഇതേ തുടർന്ന് രോഗിയും ബന്ധുക്കളും പരാതിയുമായി ജാഗ്രതാ ന്യൂസ് ലൈവിനെ സമീപിച്ചു.
തുടർന്നു, ആശുപത്രി അധികൃതരുടെ വിശദീകരണം അറിയുന്നതായി ജാഗ്രതാ ന്യൂസ് ലൈവ് ബന്ധപ്പെട്ടു. എന്നാൽ, വിഷയത്തിൽ തങ്ങളുടെ ഭാഗം വ്യക്തമാക്കാൻ ആശുപത്രി അധികൃതർക്ക് ഇനിയും സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ആശുപത്രിയ്‌ക്കെതിരെ പരാതിയുമായി മുന്നോട്ടു പോകുകയാണ് രോഗിയും ബന്ധുക്കളും.