ചിങ്ങവനം: ചിങ്ങവനത്ത് അതിരൂക്ഷണായ ദുർഗന്ധമുള്ള തടികളുമായി എത്തിയ ക്രീപ്പ് മില്ലിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. ചിങ്ങവനം പഴയ ബിവറേജിനു സമീപം പ്രവർത്തിച്ചിരുന്ന അടച്ചു പൂട്ടിയ ഓറിയെന്റൽ ക്രീപ്പ് മില്ലിൽ ദുർഗന്ധമുള്ള റബർ തടി എത്തിച്ച സിങ്കോ ക്രീപ്പ് മില്ലിനെതിരെയാണ് പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത് എത്തിയത്. നാട്ടുകാരുടെ പ്രതിഷേധത്തിനൊപ്പം സിപിഎം, ഡിവൈഎഫ്‌ഐ, കോൺഗ്രസ് പ്രവർത്തകർ കൂടി ചേർന്നതോടെ പൊലീസും സ്ഥലത്ത് എത്തി. തുടർന്നു പൊലീസിന്റെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും മധ്യസ്ഥതയിൽ നടത്തിയ ചർച്ചയ്‌ക്കൊടുവിൽ സാധനങ്ങൾ മാറ്റാൻ ധാരണയായി.
ചിങ്ങവനത്ത് പഴയ ബിവറേജിനു സമീപം മുൻപ് പ്രവർത്തിച്ചിരുന്ന ഓറിയെന്റൽ ക്രീപ്പ് മില്ലിലാണ് സംഭവം. ഓറിയെന്റൽ ക്രീപ്പ് മിൽ ആറു മാസം മുൻപ് അടച്ചു പൂട്ടിയിരുന്നു. ചന്തക്കവലയിൽ പ്രവർത്തിക്കുന്ന സിങ്കോ ക്രീപ്പ് മില്ലിന്റെ ഗോഡൗണായാണ് ഇപ്പോൾ ഈ കെട്ടിടം പ്രവർത്തിക്കുന്നത്. വെള്ളിയാഴ്ച രാവിലെ ക്രീപ്പ് മില്ലിൻെ ഗോഡൗണിലേയ്ക്ക് അതിരൂക്ഷമായ ദുർഗന്ധം ഉള്ള തടിയുമായി അധികൃതർ എത്തുകയായിരുന്നു. ഇതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാട്ടുകാർ പ്രതിഷേധിച്ച് ഗോഡൗണിലേയ്ക്ക് എത്തിയ ലോറി തടഞ്ഞു. ഇതോടെ പുനലൂരിൽ നിന്നും എത്തിയ റബർ തടിയാണ് ഇതെന്ന നിലപാടായിരുന്നു സിങ്കോ കമ്പനി അധികൃതർ സ്വീകരിച്ചത്. ഇതോടെ നാട്ടുകാരുടെ പ്രതിഷേധവും ശക്തമായി. തുടർന്നു ചിങ്ങവനം പൊലീസ് അധികൃതർ സ്ഥലത്ത് എത്തി. ഈ സമയം സ്ഥലത്ത് ഉണ്ടായിരുന്ന രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി ചർച്ച നടത്തിയ ശേഷം സാധനം ഇവിടെ നിന്നും മാറ്റാമെന്ന് ക്രീപ്പ് മിൽ അധികൃതർ ധാരണയിൽ എത്തി. ഇതേ തുടർന്നാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്. ഇതിനിടെ റബർ തടി ചന്തക്കവലയിലെ ഗോഡൗണിലേയ്ക്കു കൊണ്ടു പോകുന്നതിനെതിരെ ഇവിടെയും പ്രതിഷേധം ഉയർന്നിട്ടുണ്ട്.