കോട്ടയം : ചിങ്ങവനത്ത് റോഡിൽ വീണ സ്കൂൾ ജീവനക്കാരി ബസ്സിനടിയിൽ കുടുങ്ങിയെങ്കിലും അപകടത്തിൽ പെടാതെ രക്ഷപ്പെട്ടത് അത്ഭുതകരമായി. ചിങ്ങവനം കുറിച്ചി സ്കൂളിലെ ആയ കുറിച്ചി സ്വദേശിനി അമ്പിളിയാണ് അപകടത്തിൽപ്പെട്ടത്. റോഡിൽ തല ഇടിച്ചു വീണ പരിക്കുകളുമായി ഇവരെ കോട്ടയത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വൈകിട്ട് നാലരയോടെ ചിങ്ങവനം പുത്തൻ പാലത്തായിരുന്നു അപകടം. സ്കൂൾ വിദ്യാർത്ഥികളെയുമായി വരുന്ന ബസിന്റെ ആയ ആയിരുന്നു അമ്പിളി. വിദ്യാർത്ഥികളെ ബസ്സിൽ നിന്നിറങ്ങി റോഡ് കടത്തി വിട്ട ശേഷം, തിരികെ സ്കൂൾ ബസ്സിന് സമീപത്തേക്ക് വരികയായിരുന്നു അമ്പിളി. ഈ സമയം അസ്വസ്ഥത അനുഭവപ്പെട്ട അമ്പിളി റോഡിൽ കുഴഞ്ഞുവീണു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അമ്പിളി റോഡിൽ കുഴഞ്ഞുവീണ സമയത്ത് തന്നെയാണ് ഇതുവഴി ഒരു സ്വകാര്യ ബസ് എത്തിയത്. അമ്പിളി വീണത് കണ്ട് ബസ് ബ്രേക്ക് ചെയ്തെങ്കിലും ഇവരെ കടന്നാണ് വാഹനം നിന്നത്. ഇവരുടെ ശരീരത്തിലൂടെ കയറാതെ ബസ് നിന്നു. ടയറിനോട് ചേർന്ന ഭാഗത്തായാണ് അമ്പിളി കിടന്നതെങ്കിലും ഒരു പോറൽ പോലും ഏറ്റിരുന്നില്ല. ഓടി കൂടിയ നാട്ടുകാർ ചേർന്ന് നടത്തിയ പരിശോധനയിൽ ബസ്സിന് അടിയിൽ ആയിരുന്നിട്ടും യാതൊരു പരുക്കുമില്ലാതെ വാഹനത്തിനടിയിൽ കിടക്കുന്ന അമ്പിളിയെയാണ് കണ്ടത്.
ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഇവരെ ബസ്സിനടിയിൽ നിന്നും പുറത്തെടുത്തു. തലകറങ്ങി റോഡിൽ വീണതിനെ തുടർന്ന് തലയ്ക്ക് നിസ്സാര പരിക്കേറ്റത് ഒഴിച്ചാൽ അമ്പിളിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. പരിക്കേറ്റ അമ്പിളിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.