കോട്ടയം : ആണും പെണ്ണും ഒന്നിച്ചിരുന്നാല്‍ ആകാശം ഇടിഞ്ഞു വീഴുമെങ്കില്‍ ആ പുല്ലങ്ങ് വീഴട്ടെ. സിഎംഎസിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജിനുള്ളില്‍ സ്ഥാപിച്ച പോസ്റ്ററിലെ വാചകമാണിത്. ആണ്‍കുട്ടികളും പെണ്‍കുട്ടിളും ഒന്നിച്ചിരിക്കാന്‍ പാടില്ല എന്ന കോളേജിലെ ഒരു അധ്യാപികയുടെ തിട്ടൂരത്തിന് എതിരെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ പോസ്റ്റര്‍ പതിച്ചത്. വേനല്‍ അവധിക്ക് ശേഷം കോളേജ് തുറന്നതോടെ വിദ്യാര്‍ത്ഥികള്‍ ഒന്നിച്ചിരുന്നതാണ് അധ്യാപികയെ ചൊടിപ്പിച്ചത്. ഇതിനെ തുടര്‍ന്നായിരുന്നു വിദ്യാര്‍ത്ഥികളോട് ഇവരുടെ നിര്‍ദ്ദേശമെത്തിയത്. എന്നാല്‍ സംഭവത്തില്‍ പ്രതിഷേധവുമായി എസ്എഫ്‌ഐ രംഗത്തെത്തുകയായിരുന്നു.
എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കോളേജിനുള്ളില്‍ പോസ്റ്റര്‍ പതിച്ചത്.എന്നാല്‍ ഈ നൂറ്റാണ്ടിലും ഇത്തരം നിബന്ധനകളുമായി എത്തിയ അധ്യാപികയുടെ പേര് പരാമര്‍ശിക്കാന്‍ പ്രവര്‍ത്തകര്‍ തയ്യാറായിട്ടില്ല. മുമ്പും കോളേജില്‍ സമാനമായ രീതിയിലുള്ള തിട്ടൂരങ്ങള്‍ അധ്യാപകരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. മുന്‍പ് പെണ്‍കുട്ടികള്‍ ജീന്‍സ് ധരിച്ച് കോളേജിലെത്താന്‍ പാടില്ല എന്ന നിര്‍ദേശം അധ്യാപകര്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ എസ്എഫ്‌ഐയുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ദേശം ഇവര്‍ മാറ്റുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ആണും പെണ്ണും ഒന്നിച്ചിരിക്കാന്‍ പാടില്ല എന്ന തിട്ടുരവുമായി അധ്യാപിക എത്തിയിരിക്കുന്നത്. സംഭവം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിതെളിച്ചിരിക്കുന്നത്.