കോട്ടയം സിഎംഎസ് കോളേജിലെ ‘കെമിസ്ട്രി’ അദ്ധ്യാപകൻ ; കഥപറച്ചിലിൻ്റെ ‘ആൽക്കമിസ്റ്റാ’യി മാറിയ പ്രൊഫ എസ്. ശിവദാസ് ശതാഭിഷേക നിറവിൽ

ന്യൂസ് ഡെസ്ക് : മലയാളത്തിൽ ഏറ്റവുമധികം കുട്ടികൾ വായിച്ചിട്ടുള്ള പുസ്തങ്ങളിൽ ഒന്നാണ് പ്രൊഫ എസ്. ശിവദാസിൻ്റെ ‘വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം’: ഈ രൂപത്തിൽ വിശേഷിപ്പിച്ചാൽ ‘എഴുതിയാലും എഴുതിയാലും വറ്റാത്ത ഒരു സർഗ്ഗധാര’യാണ് ശിവദാസ് എന്ന അധ്യാപകൻ.’കുട്ടികളുടെ പ്രീയ എഴുത്തുകാരൻ’, ‘മലയാളത്തിലെ ജനപ്രീയ ശാസ്ത്രമെഴുത്തുകാരൻ’ എന്നിങ്ങനെയുള്ള പല കളങ്ങൾക്കുമിണങ്ങുന്ന ഒരാളാണ് അദ്ദേഹമെങ്കിലും ‘എല്ലാവരുടെയും പ്രീയ എഴുത്തുകാരൻ’ എന്ന വിശേഷണമാണ് അദ്ദേഹത്തിനിണങ്ങുന്നത്.ശിവദാസിന്റെ ഏറ്റവും പുതിയ ഗ്രന്ഥം ‘കുഞ്ഞുമാലാഖയുടെ ദൈവ കഥകൾ’ 2022-ലെ ക്രിസ്മസ് ദിനത്തിൽ എം ടി പ്രകാശനം ചെയ്തു. ബൈബിൾ കഥകളുടെ അത്യന്തം നൂതനമായ ഒരു ബാലസാഹിത്യ ബൃഹത് ആഖ്യാനമാണിത്.

Advertisements

ഇന്ത്യയിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ബാലസാഹിത്യ പുരസ്കാരമായ ‘പരാഗ് ബിഗ് ലിറ്റിൽ ബുക്ക് പ്രൈസ്’ പ്രൊഫ. എസ്.ശിവദാസിന് 2022-ൽ ലഭിച്ചു. ‘ടാറ്റാ ട്രസ്റ്റ്’ ആണിത് ഏർപ്പെടുത്തിയിട്ടുള്ളത്; അഞ്ചുലക്ഷം രൂപയാണ് സമ്മാനത്തുക. ആദ്യമായാണ് മലയാളത്തിൽ നിന്നുള്ള ഒരു എഴുത്തുകാരന് ഈ പുരസ്കാരം കിട്ടുന്നത്. (ഓരോ വർഷവും ഓരോ ഭാരതീയ ഭാഷയ്ക്കാണ് ടാറ്റാ ട്രസ്റ്റിന്റെ ഈ അവാർഡ്; ഈ വർഷത്തെ ആറാമത് അവാർഡായിരുന്നു.) മുമ്പ്, കേരള സർക്കാർ- ശാസ്ത്ര സാങ്കേതിക കൗൺസിലിൻ്റെ ‘പി.ടി. ഭാസ്‌കരപ്പണിക്കർ എമിററ്റസ് ഫെലോഷിപ്പ്’ (2014 – പോപ്പുലർ സയൻസ് രചനക്കു മൂന്ന് വർഷംകൊണ്ട് ആറു ലക്ഷം രൂപ ധനസഹായം നൽകുന്ന ഫെലോഷിപ്പ്’) ലഭിച്ചിട്ടുണ്ട്. ആദ്യ ഗ്രന്ഥത്തിനു തന്നെ കേരള സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ അവാർഡ് ആയ ‘പത്മനാഭ സ്വാമി പ്രൈസ്’ അദ്ദേഹം (1974) നേടിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാർ (2015); 2007-കേരള സാഹിത്യ അക്കാദമി പുരസ്കാരം;  കേരള സാഹിത്യ അക്കാദമി-പദ്മനാഭസ്വാമി സമ്മാനം (1974); ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് (1995). ഭീമാ ബാലസാഹിത്യ അവാർഡ് (1994); ഭീമാ സ്വർണ്ണമെഡൽ(1997) എന്ന് തുടങ്ങി നിരവധി അവാർഡുകൾ. അതിനോടപ്പം ഏറ്റവും മികച്ച ‘യാത്രാ വിവരണ’ത്തിനുള്ള 1997-ലെ  കേരള സാഹിത്യ അക്കാദമി അവാർഡ് ശിവദാസ് രചിച്ച ഗ്രന്ഥമാണ് ‘മ്യൂണിച്ചിലെ സുന്ദരികളും സുന്ദരന്മാരും’ എന്ന ഗ്രന്ഥത്തിന് ലഭിച്ചിട്ടുണ്ട്.

‘കെമിസ്ട്രി’ ആണ് അദ്ദേഹത്തിന്റെ പ്രാഥമിക പഠനശാഖ എന്നാൽ അദ്ദഹം കഥപറച്ചിലിൻ്റെ ‘ആൽക്കമിസ്റ്റാ’യാണ് വായനക്കാരുടെ മുന്നിൽ അവതരിച്ചിട്ടുള്ളത് – സാധാരണ വസ്തുക്കളെ സ്വർണ്ണമായി മാറ്റുന്ന ഒരു അനുതരസാധാരണമല്ലാത്ത ഒരു രാസവിദ്യ അദ്ദേഹത്തിലുണ്ട്. വിഷയം എന്തുമാകട്ടെ  ശാസ്ത്രമാകാം പ്രകൃതി നിരീക്ഷണമാകാം  പുണ്യജന്മങ്ങളുടെ കഥകളാകാം യാത്രാ വിവരണമാകാം. എന്തും ശിവദാസ് സാറിന്റെ തൂലികതുമ്പിലൂടെ പുറത്തുവരുമ്പോൾ അവയ്ക്ക് അസാധാരണമായ ഒരു സുവർണ്ണ തിളക്കം വരുന്നു…. അതു് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇണങ്ങുന്ന കൃതിയാകും…. പണ്ഡിതനും പാമരനും മനസ്സിലാക്കുവാനുള്ള നിരീക്ഷണ പാഠങ്ങൾ ഉൾച്ചേർന്ന ഒരു രചനയായി മാറും….

സർവകലാശാല തലത്തിൽ കൈകാര്യം ചെയ്യുന്ന ‘ഓർഗാനിക്ക് കെമിസ്ടി’ ശിവദാസ് കൊച്ചു കുട്ടികൾക്കു പോലും രസിച്ച് വായിക്കുവാൻ കഴിയുന്ന ഒരു കൃതിയാക്കി മാറ്റി ‘കാർബൺ എന്ന മാന്ത്രികൻ’. വീട്ടിറമ്പത്ത് കൂടുകെട്ടി മുട്ടയിട്ട ഒരു കിളിയുടെ ഒരാഴ്ചയിലെ ചര്യകളുടെ നിരീക്ഷണത്തിനെ, ഒരു ‘അവതാര കഥ’യുടെ ചാരുതയോടെ അവതരിപ്പിച്ചു: ‘കിയൊ കിയോ’. ഇൻ്റർനെറ്റും മൊബൈൽ ഫോണുമൊന്നുമില്ലാത്ത ഒരു കാലത്തു് അദ്ദേഹമൊരു വിദേശയാത്ര നടത്തി അതിൻ്റെ അനുഭവങ്ങൾ ‘യാത്രാവിവരണ സാഹിത്യ’ങ്ങളിലെ ഒരു ക്ലാസിക് ആയി മാറി  ‘മ്യൂനിച്ചിലെ സുന്ദരികളും സുന്ദരന്മാരും’. ഫ്രാൻസിസ് അസ്സീസിയെക്കുറിച്ച് എഴുതിയ ചെറുപുസ്തകം : ‘കിളിമകളുടെ പുണ്യവാളൻ’…. 

ഇന്നത്തെ യുവാക്കളുടെയും മദ്ധ്യവയസ്ക്കരുടെയുടെ എല്ലാം ബാല്യകാലത്ത് അവരാടൊത്ത് കഥയും കാര്യവും പറയുകയും പഠിപ്പിക്കുകയും ചെയ്ത ‘യുറീക്കമാമന്’ എൺപത്തിമൂന്നു തികയുകയുകയാണ്. 

1940 ഫെബ്രുവരി 19-നു കോട്ടയം ജില്ലയിലെ വൈക്കം ‘ഉല്ലല’ ഗ്രാമത്തിൽ ജനിച്ചു. (ഏറ്റുമാനൂർ ക്ഷേത്രത്തിലെ ആറാട്ട് ദിനത്തിലാണ് പിറന്നാൾ- ഈ വർഷം മാർച്ച് 2-ന്.) ദേശീയ പ്രസ്ഥാനത്തിൽ സജീവമായിരുന്ന, വൈക്കം സത്യഗ്രഹ നേതാക്കളിൽ ഒരാളുമായിരുന്ന,  മണ്ഡപത്തില്‍ ശങ്കരന്‍നായർ പിതാവ്. കിടങ്ങൂർ മേക്കാട്ടു ദേവകിയമ്മ മാതാവ്. എട്ടുമക്കളിൽ രണ്ടാമൻ. പ്രാഥമിക വിദ്യാഭ്യാസം നാട്ടിൽ കഴിഞ്ഞ ശേഷം, കാലടി അദ്വൈതാശ്രമം സ്കൂളിൽ നിന്ന് സെക്കൻ്ററി പഠനം.  പാലാ സെൻ്റ് . തോമസ് കോളേജ്; തിരുവനതപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ പഠിച്ചു ‘കെമിസ്ടി’ ബിരുദാനന്തര  ബിരുദം നേടി. ബിരുദ പഠനത്തിനിടയിൽ പിതാവ് മരിച്ചതിനാൽ ഭൗതിക സാഹചര്യങ്ങൾ പരിമിതപ്പെട്ടെങ്കിലും വിജയകരമായി പഠനം പൂർത്തിയാക്കുകയും സഹോദരങ്ങളുടെ പഠനത്തിന് പിൻതുണയാകുകയും ചെയ്തു.

1962 മുതൽ 1995 വരെ കോട്ടയം സി.എം.എസ് കോളെജിൽ അദ്ധ്യാപകനായിരുന്നു. ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുടെ അമരക്കാരനായ പി.ടി.ഭാസ്കരപ്പണിക്കരാണ് ശിവദാസ് സാറിനെ പൊതുപ്രവർത്തത്തിലേക്കും എഴുത്തിലേക്കും നയിച്ചത്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കോട്ടയം ജില്ലയുടെ സ്ഥാപക സെക്രട്ടറിയായിരുന്നു, ശിവദാസ്. ‘യുറീക്ക’, ‘ശാസ്ത്രകേരളം’, ‘ബാലശാസ്ത്രം’, ‘എങ്ങനെ? എങ്ങനെ?’ എന്നിവയുടെ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ലേബർ ഇന്ത്യാ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററാണ്. അദ്ദേഹം അധ്യാപകൻ, ശാസ്ത്രസാഹിത്യ പ്രചാരകൻ, പത്രാധിപർ, പേരൻ്റിങ് വിദഗ്ധൻ എന്നീനിലകളിൽ പ്രശസ്തനാണ്.

1990-ൽ ഫ്രാൻസിൽ നടന്ന കുട്ടികളുടെ വായനശീലം വളർത്താനുള്ള നൂതനമാർഗ്ഗങ്ങളെപ്പറ്റിയുള്ള വർക്ക്ഷോപ്പിൽ ഇന്ത്യയിൽ നിന്നുള്ള ഏക പ്രതിനിധിയായി പങ്കെടുത്തു. 1991-ൽ ജർമ്മനിയിലെ മ്യൂണിച്ചിൽ നടന്ന ഇന്റർനാഷണൽ യൂത്ത് ലൈബ്രറിയിൽ ബാലസാഹിത്യത്തെ പറ്റി ഗവേഷണപഠനം നടത്താനുള്ള സ്കോളർഷിപ്പ് ലഭിച്ചു. 

ഭാര്യ : ഗ്രന്ഥകാരിയും യൂട്യൂബ്- വ്‌ളോഗെറും അധ്യാപികയുമായ ‘സുമാ  ശിവദാസ്’- കോട്ടയം കുമാരനല്ലൂര്‍ ദേവീവിലാസം ഹൈസ്‌കൂള്‍ മുന്‍ ഹെഡ്മിസ്ട്രസ്. മക്കൾ: ദീപു , ഡോ. അപ്പു , മരുമക്കൾ ദീപ ഡോ. സരിത

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.