കോട്ടയം: പുതുപ്പള്ളി പയ്യപ്പാടിയിൽ സി.പി.എം ഏരിയ സെക്രട്ടറിയെ അടക്കം ആക്രമിച്ച സംഭവത്തിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടിമത പള്ളിപ്പുറത്ത് കാവ് അനന്തുവിനെ(25)യാണ് ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ റെജോ പി.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം.
കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. മണർകാട് ഐരാറ്റുനടയിലെ കട അടച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന പയ്യപ്പാടി അടുമ്പും കാട് സ്വദേശികളായ സുമേഷ്, റെജി എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രണമത്തിന് ഇരയായവർ പ്രദേശത്ത് താമസിക്കുന്ന സി.പി.എം പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് പി.വർഗീസിന്റെ വീട്ടിലേയ്ക്ക് ഓടിക്കയറി. ഇതേ തുടർന്നു, അക്രമി സംഘം പിന്നാലെ എത്തി സുഭാഷിനു നേരെയും കുരുമുളക് സ്പ്രേ പ്രയോഗിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, താൻ സംഘത്തിലുണ്ടായിരുന്നവരോടൊപ്പം മദ്യപിക്കാൻ എത്തിയതാണെന്നും, തനിക്ക് ആക്രമണവുമായി ബന്ധമില്ലെന്നാണ് പ്രതി പൊലീസിനോടു പറഞ്ഞത്. ഇതേ തുടർന്നു ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. അക്രമി സംഘത്തിലുണ്ടായിരുന്ന പ്രതികൾ മുൻപ് നിരവധി കേസുകളിൽ പ്രതികളായിരുന്നുവെന്നാണ് ജാഗ്രതാ ന്യൂസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. പാമ്പാടിയിലും, പള്ളിക്കത്തോട്ടിലും ആക്രമണം നടത്തുകയും മോഷണം നടത്തുകയും ചെയ്ത കേസിലെ പ്രതികളാണ് ഇരുവരുമെന്നാണ് ലഭിക്കുന്ന സൂചന.
കേസിൽ ഇയാൾക്കൊപ്പമുണ്ടായിരുന്ന പ്രതിയ്ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ കണ്ടെത്തുന്നതിനായി പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്. അക്രമത്തിന് പിന്നിൽ കഞ്ചാവ് മാഫിയ സംഘമാണ് എന്നാണ് ലഭിക്കുന്ന സൂചന.