കോട്ടയം : കോട്ടയം പാക്കിൽ ലോട്ടറി കച്ചവടക്കാരനെ കബളിപ്പിച്ച് അജ്ഞാതൻ രക്ഷപെട്ടു. പാക്കിൽ പ്ലാമൂട് സ്വദേശി രാജേഷാണ് കബളിപ്പിക്കപ്പെട്ടത്. ഇയാൾ കോട്ടയത്തെ ശിവശക്തി ലോട്ടറി കടയിൽ നിന്നും ലോട്ടറി എടുത്ത ശേഷം ബസ്സിൽ വിൽപ്പന ചെയ്യുന്ന സ്ഥലത്തേക്ക് പോകും വഴി ബസ്സിനുള്ളിൽ വച്ചായിരുന്നു സംഭവം. ബുധനാഴ്ച വൈകുന്നേരം 4 മണിയോടെയായിരുന്നു സംഭവം. ബസ്സിനുള്ളിൽ വച്ച് രണ്ട് തവണ ലോട്ടറി ടിക്കറ്റ് എടുത്ത അജ്ഞാഥൻ ഇയാളുടെ പക്കൽ ഉണ്ടായിരുന്ന മുഴുവൻ ടിക്കറ്റുകളും നമ്പർ പരിശോധിക്കാനായി വാങ്ങുകയായിരുന്നു. തുടർന്ന് ബസ് നിർത്തിയപ്പോൾ ടിക്കറ്റ് തിരികെ നൽകി ഇയാൾ ബസ്സിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് പഴയ ടിക്കറ്റ് നൽകി ഇയാളെ കബളിപ്പിക്കുകയായിരുന്നു എന്ന് തിരിച്ചറിയുന്നത്.അപ്പോൾ തന്നെ ബസ്സിൽ നിന്നും ഇറങ്ങിയ രാജേഷ് ഭാര്യയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഇവർ സ്ഥലത്തെത്തി പോലീസിൽ വിവരമറിയിച്ചു. വിൽപ്പനയ്ക്കായി 80 ടിക്കറ്റുകളായിരുന്നു ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. മുൻപ് അപകടത്തിൽ പരിക്കേറ്റ രാജേഷ് അംഗപരിമിതനാണ്. പത്രം വിതരണം ചെയ്തും ലോട്ടറി വിറ്റുമാണ് ഇയാൾ കുടുംബം പോറ്റിയിരുന്നത്. കോട്ടയം കേന്ദ്രീകരിച്ച് ലോട്ടറി കച്ചവടക്കാരെ കബളിപ്പിക്കുന്ന കേസുകൾ തുടർക്കഥയാവുകയാണ് മുൻപ് കഞ്ഞിക്കുഴിയിലും ഗാന്ധി നഗറിലും അംഗപരിമിതരായ ലോട്ടറി വിൽപ്പനക്കാരെ കബളിപ്പിച്ച് പണം തട്ടിയിരുന്നു.