വൈക്കം: വസ്തു പോക്കുവരവ് ചെയ്യുന്നതിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വൈക്കം ഡെപ്യൂട്ടി തഹസീൽദാർ എൽആർ വിജിലൻസിന്റെ പിടിയിലായി. വൈക്കം ഡെപ്യൂട്ടി തഹസീൽദാർ എൽ.ആർ സുഭാഷ് കുമാർ ടി.കെ. എന്നയാളെയാണ് വൈക്കം താലൂക്ക് ഓഫിസിനു സമീപമുള്ള എസ്ബിഐ എടിഎമ്മിൽ നിന്നും വിജിലൻസ് ഡിവൈഎസ്പി വി.ആർ രവികുമാർ അറസ്റ്റ് ചെയ്തത്. മുളക്കുളം സ്വദേശിയായ പരാതിക്കാരന്റെ ഭാര്യയുടെ പേരിലുള്ള 24 സെന്റ് വസ്തു പോക്ക് വരവ് ചെയ്യാൻ മുളക്കുളം വില്ലേജ് ഓഫിസിൽ പരാതി നൽകിയിരുന്നു. എന്നാൽ, 11 സെന്റ് മാത്രമാണ് പോക്ക് വരവ് ചെയ്തു നൽകിയത്. ഇതിനെ അനോമിലി പരിഹരിക്കുന്നതിനായി താലൂക്ക് ഓഫിസിൽ നൽകിയ അപേക്ഷയിൽ സുഭാഷ്‌കുമാർ 60000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ഇതിന്റെ ആദ്യ ഗഡുയായ 25000 രൂപ കൈക്കൂലിയുമായി എത്തി. ഈ സമയം തുക സിഡിഎമ്മിൽ നിക്ഷേപിക്കാൻ അറിയിക്കുകയായിരുന്നു. എന്നാൽ, പണം സിഡിഎമ്മിൽ നിക്ഷേപിക്കാൻ അറിയില്ലെന്ന് പരാതിക്കാരൻ അറിയിച്ചു. ഈ സമയം പരാതിക്കാരനെയും കൂട്ടി വൈക്കത്തെ എസ്.ബി.ഐ സിഡിഎമ്മിൽ ഡെപ്യൂട്ടി തഹസീൽദാർ എത്തുകയായിരുന്നു. ഈ സമയത്താണ് വിജിലൻസ് സംഘം സ്ഥലത്ത് എത്തുകയും എടിഎമ്മിനുള്ളിൽ നിന്നും ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തുമെന്ന് വിജിലൻസ് സംഘം അറിയിച്ചു.