കോട്ടയം : നിരന്തര കുറ്റവാളികൾക്ക് കാപ്പാ ചുമത്തിയ ജില്ലാ പൊലീസിന്റെ നടപടിയെ സര്‍ക്കാര്‍ ശരിവെച്ചു.കോട്ടയം ജില്ലയിലെ നിരന്തര കുറ്റവാളികളായ ഈരാറ്റുപേട്ട നടയ്ക്കൽ പത്താഴപ്പടി ഭാഗത്ത് കണിയാംകുന്നേൽ വീട്ടിൽ മുന്ന വിളിക്കുന്ന മുഹമ്മദ് മുനീർ (24), ഈരാറ്റുപേട്ട നടയ്ക്കല്‍ ഭാഗത്ത് താമസിക്കുന്ന അയ്മനം കല്ലുമട ഭാഗത്ത് കൊട്ടമല വീട്ടിൽ റോജൻ മാത്യു (38) എന്നിവരെ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലില്‍ കരുതൽ തടങ്കലിൽ അടച്ചിരുന്നു. ഇതിനെതിരെ ഇവർ കാപ്പ ഉപദേശക സമിതിയിൽ അപ്പീലിനു പോയിരുന്നു. എന്നാൽ പ്രതികളുടെ അപ്പീൽ തള്ളിക്കൊണ്ട് കാപ്പാ ചുമത്തിയ പൊലീസിന്റെ നടപടി സമിതി ശരി വയ്ക്കുകയും, സർക്കാർ ഇത് അംഗീകരിക്കുകയും ചെയ്തു. മുഹമ്മദ് മുനീര്‍ ഈരാറ്റുപേട്ട, കോട്ടയം എക്സൈസ്, വൈക്കം എന്നീ സ്റ്റേഷനുകളിലായി കവര്‍ച്ച, കഞ്ചാവ് തുടങ്ങിയ കേസുകളിലും, റോജൻ മാത്യു ഏറ്റുമാനൂർ, ഗാന്ധിനഗർ,കുറവിലങ്ങാട്, എന്നീ സ്റ്റേഷനുകളില്‍ അടിപിടി, കൊട്ടേഷൻ, കൊലപാതകശ്രമം, കഞ്ചാവ് വില്പന തുടങ്ങിയ കേസുകളിലും പ്രതിയാണ്.