കോട്ടയം: ക്രിപ്‌റ്റോ കറൻസിൽ നിക്ഷേപിച്ചാൽ വൻ ലാഭം വാഗ്ദാനം ചെയ്ത് പനച്ചിക്കാട് സ്വദേശിയുടെ അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തൃശൂർ സ്വദേശിയായ പാസ്റ്ററനെ അറസ്റ്റ് ചെയ്ത് ചിങ്ങവനം പൊലീസ്. തൃശൂർ മന്നമംഗലം പുത്തൂർ തകടിപ്പുറത്ത് ടി.ജെ ജോയിയെയാണ് ചിങ്ങവനം സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ വി.എസ് അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
2024 ജനുവരിയ്ക്കും മാർച്ചിനും ഇടയിൽ പനച്ചിക്കാട് സ്വദേശിയായ മോനി തോമസിൽ നിന്നുമാണ് ഇയാൾ പണം തട്ടിയെടുത്തത്. മലേഷ്യൻ കമ്പനിയിൽ ക്രിപ്‌റ്റോ കറൻസിയായി നിക്ഷേപിച്ചാൽ പത്തു ലക്ഷം രൂപ വരെ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് സംഘം പണം തട്ടിയെടുത്തത്. മോനി തോമസിന്റെയും മകന്റെയും ഭാര്യയുടെയും അക്കൗണ്ടിൽ നിന്നുമാണ് പണം കൈമാറ്റം ചെയ്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, സോഫ്റ്റ് വെയർ തകരാറിനെ തുടർന്ന് പണം നൽകാനാവില്ലെന്നറിയിച്ചാണ് തട്ടിപ്പ് സംഘം അഞ്ച് ലക്ഷം രൂക തട്ടിയെടുത്തത്. പണം നഷ്ടമായതായി തിരിച്ചറിഞ്ഞ മോനി 1930 യിൽ സൈബർ തട്ടിപ്പ് സംബന്ധിച്ചുള്ള കോൾ സെന്ററിൽ പരാതി നൽകുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ സെൽ ചിങ്ങവനം പൊലീസിനു കൈസ് കൈമാറി. ചിങ്ങവനം പൊലീസ് സംഘം മോനിയുടെ മൊഴിയെടുത്ത് എഫ്.ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന്, തൃശൂരിലെ പ്രതിയുടെ താമസ സ്ഥലത്ത് എത്തിയ പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ചിങ്ങവനം എസ്.എച്ച്.ഒ വി.എസ് അനിൽകുമാറിന്റെ നിർദേശ പ്രകാരം എസ്.ഐ സജി എം.പി, സിപിഒ പ്രിൻസ് , അരുൺ, റിങ്കു എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാൾ കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. കേസിൽ ഒരു പ്രതികൂടിയുണ്ടെന്നും ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയതായും ചിങ്ങവനം പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.