കോട്ടയം: നഗരമധ്യത്തിൽ കോടിമതയിൽ ആറ്റിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. രണ്ടു മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ അഗ്നിരക്ഷാ സേനയും പൊലീസും ചേർന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. മീനച്ചിലാറ്റിൽ നിന്നും കരയ്ക്ക് എത്തിച്ച മൃതദേഹം അഭയ ആംബുലൻസ് സർവീസിന്റെ ആംബുലൻസിൽ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.
ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കോടിമത ഭാഗത്തു വച്ചാണ് ചുവന്ന ഷർട്ട് ധരിച്ച യുവാവ് വെള്ളത്തിലേയ്ക്കു ചാടിയത്. ഇയാൾ വെള്ളത്തിലേയ്ക്കു ചാടുന്നത് കണ്ട നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു. വെസ്റ്റ് പൊലീസ് സംഘവും അഗ്നിരക്ഷാ സേനയും സ്ഥലത്ത് എത്തി. തുടർന്ന് അഗ്നിരക്ഷാ സേനയുടെ റബർ ഡിങ്കി ഉപയോഗിച്ച് രണ്ടു മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.