കോട്ടയം : വിദ്യാർഥികളിൽ ശുചിത്വസംസ്കാരം രൂപപ്പെടുത്താനും മാലിന്യ സംസ്കരണ അവബോധം സൃഷ്ടിക്കുന്നതിനുമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കളക്ടേഴ്സ്@ സ്കൂൾ പദ്ധതിയുടെ രണ്ടാംഘട്ടത്തിനു തുടക്കം. നീണ്ടൂർ ഓണംതുരുത്ത് ഗവൺമെന്റ് എൽ.പി. സ്കൂളിൽ ജില്ലാ കളക്ടർ ഡോ. പി.ജെ. ജയശ്രീ ഉദ്ഘാടനം നിർവഹിച്ചു.
ചെറുപ്പകാലം മുതൽ കുട്ടികളിൽ ശുചിത്വ ശീലങ്ങൾ വളർത്തണമെന്നും ഇതിലൂടെ ശുചിത്വസംസ്ക്കാരം രൂപപ്പെടുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി.എസ്. ശരത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂർ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ ബെവിൻ ജോൺ വർഗ്ഗീസ് പദ്ധതി വിശദീകരിച്ചു. നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ്കുമാർ, സ്ഥിരം സമിതി അധ്യക്ഷരായ ജെസ്സി നൈനാൻ, കെ.കെ. ഷാജിമോൻ, കവിതാമോൾ ലാലു, നീണ്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ്പമ്മ തോമസ്, സ്ഥിരം സമിതി അധ്യക്ഷരായ എം.കെ. ശശി, കെ.എസ്. രാഗിണി, പി.ഡി. ബാബു, പഞ്ചായത്തംഗം എം. മുരളി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനു ജോൺ, വിദ്യാഭ്യാസ ഉപഡയറക്ടർ എൻ. സുജയ, അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മിഷണർ ജി. അനീസ്, ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി. രമേഷ്, കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ അഭിലാഷ് ദിവാകർ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രാഹുൽ ജി. കൃഷ്ണൻ, സ്കൂൾ ഹെഡ്മിസ്ട്രസ് സതികുമാരി, പഞ്ചായത്ത് സെക്രട്ടറി രതി റ്റി. നായർ എന്നിവർ പങ്കെടുത്തു.
വിദ്യാർഥികളിലൂടെ വീടുകളിലേക്കും വീടുകളിൽ നിന്ന് സമൂഹത്തിലേക്കും ശുചിത്വ സംസ്കാരം പ്രചരിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ശുചിത്വ മിഷൻ, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഹരിതകേരള മിഷൻ, ക്ലീൻ കേരള കമ്പനി, കുടുംബശ്രീ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുക. ജില്ലയിലെ എല്ലാ സ്കൂളുകളിലും നാലുതരം വസ്തുക്കൾ (പെറ്റ് ബോട്ടിൽ, ഹാർഡ് ബോട്ടിൽ, പാൽ കവർ, പേപ്പർ) സംഭരിക്കുന്നതിനുള്ള ശേഖരണ ബിന്നുകൾ സ്ഥാപിച്ചു വരുന്നു. കുട്ടികൾ തരംതിരിച്ച് ശേഖരിക്കുന്നവ സ്കൂളിൽ കൊണ്ടുവരികയും ബിന്നുകൾ നിറയുന്നതനുസരിച്ച് ഹരിതകർമ്മസേന മുഖേന നീക്കം ചെയ്യുകയും ചെയ്യും. രണ്ടാംഘട്ടത്തിൽ കുട്ടികളിലും രക്ഷകർത്താക്കളിലും ശുചിത്വ മാലിന്യ സംസ്കരണ ആശയങ്ങൾ പകർന്നു നൽകുകയാണ് ലക്ഷ്യം.