കോട്ടയം: ജനകീയപങ്കാളിത്തത്തോടെ ഭൂരഹിത കുടുംബങ്ങൾക്ക് ഭൂമി കണ്ടെത്തുന്നതിനായി സർക്കാർ നടപ്പാക്കിയ ‘മനസോടിത്തിരി മണ്ണ്’ കാമ്പയിനോട് ജില്ലയിൽ മികച്ച പ്രതികരണം. കാമ്പയിന്റെ ആദ്യഘട്ടത്തിൽതന്നെ 82.084 സെന്റ് സ്ഥലം സംഭാവനയായി ലഭിച്ചു.
വെള്ളൂർ തോന്നല്ലൂരിൽ ഡോ. ബി.ആർ. രാജലക്ഷ്മി, സഹോദരൻ ആർ.ബി. ബാബു എന്നിവർ മാതാപിതാക്കളുടെ സ്മരണാർഥം 65.084 സെന്റ് ഭൂമി ലൈഫ് പട്ടികയിലെ ഭൂരഹിതരായ ഗുണഭോക്താക്കൾക്ക് വീട് നിർമിക്കാനായി കൈമാറി.
വഴിയും കുടിവെള്ളവും വൈദ്യുതിയുമടക്കമുള്ള സൗകര്യങ്ങളുള്ള ഈ ഭൂമി 13 കുടുംബങ്ങളുടെ വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് സഹായിക്കും. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ സാന്നിധ്യത്തിൽ നടന്ന നറുക്കെടുപ്പിലൂടെ 3.5 സെന്റ് വീതം 13 കുടുംബങ്ങൾക്ക് നൽകി. ഡോ. രാജലക്ഷ്മിയുടെ അഭ്യർഥന മാനിച്ച് പ്രദേശത്തിന് സാരസ്വതം നഗർ എന്നു പേരിടാൻ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്.
വെള്ളൂർ ഗ്രാമപഞ്ചായത്തിൽ വൈപ്പേൽപ്പടി കുര്യാക്കോസ് തോട്ടത്തിൽ 17 സെന്റ് സ്ഥലം കൈമാറി. വെള്ളൂർ മൂന്നാംവാർഡിലെ ഗ്രാമപഞ്ചായത്തംഗമാണ് കുര്യാക്കോസ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മനസോടിത്തിരി മണ്ണ് കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനച്ചടങ്ങിൽ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവന് കുര്യാക്കോസ് സമ്മതപത്രം കൈമാറി. ഭൂമി നൽകിയ ബി.ആർ. ബാബു, കുര്യാക്കോസ് എന്നിവരെ മന്ത്രി ചടങ്ങിൽ ആദരിച്ചു.
മനസോടിത്തിരി മണ്ണിന്റെ ഭാഗമായി ഭൂമി സംഭാവനയായി നൽകാൻ ആഗ്രഹിക്കുന്നവർക്ക് ലൈഫ് മിഷന്റെ ജില്ലാ കോ-ഓർഡിനേറ്ററായ ദാരിദ്ര്യലഘൂകരണ വിഭാഗം പ്രോജക്റ്റ് ഡയറക്ടറുമായി ബന്ധപ്പെടാവുന്നതാണ്.