കോട്ടയം : ഏറ്റുമാനൂര്‍ പുന്നത്തുറയില്‍ നിയന്ത്രണം വിട്ട മാരുതി വാൻ മതിലിടിച്ചു കയറി. പുന്നത്തുറ കറ്റോട് കവലയ്ക്ക് സമീപമാണ് നിയന്ത്രണം വിട്ട വാൻ മതിലിടിച്ചു കയറി അപകടം ഉണ്ടായത്. മുന്‍വശം തകര്‍ന്ന വാനിനുള്ളില്‍ കാല് കുടുങ്ങിപ്പോയ ഡ്രൈവറെ കോട്ടയത്ത് നിന്ന് ഫയര്‍ ഫോഴ്‌സ് സംഘമെത്തി രക്ഷപെടുത്തി. കിടങ്ങൂര്‍ സ്വദേശി രാഹുലിന്റെ (29) വാനാണ് അപകടത്തില്‍ പെട്ടത്.
വ്യാഴാഴ്ച അര്‍ദ്ധ രാത്രിയിലായിരുന്നു സംഭവം. കാറ്ററിംഗ് സര്‍വ്വീസ് നടത്തുന്ന സ്ഥാപത്തിന്റെ മാരുതി വാനാണ് അപകടത്തില്‍ പെട്ടത്. കറ്റോട് കവലയ്ക്ക് സമീപം നിയന്ത്രണം വിട്ട വാൻ സമീപത്തെ മതിലില്‍ ഇടിച്ചു കയറുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് വാനിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. മുന്‍ വശത്തെ തകിട് അകത്തേയ്ക്ക് വളഞ്ഞതോടെ ഡ്രൈവര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങുകയായിരുന്നു. നാട്ടുകാര്‍ രക്ഷപ്രവര്‍ത്തനം നടത്തിയെങ്കിലും പരാജയപ്പെട്ടതോടെ ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയത്ത് നിന്നെത്തിയ ഫയര്‍ ഫോഴ്‌സ് സംഘം ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച് വാഹനം നിവര്‍ത്തി ഇയാളെ പുറത്തെത്തിച്ചു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവമറിഞ്ഞ് ഏറ്റുമാനൂര്‍ പൊലീസും സ്ഥലത്തെത്തിയിരുന്നു. വാഹനത്തിലുണ്ടായിരുന്ന സഹായിക്കും പരിക്കേറ്റിട്ടുണ്ട്.