കൊല്ലം : കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് ശേഷവും പത്മകുമാറും ഭാര്യയും മകളും ചിറക്കരയിലെ ഫാമിലെത്തിയിരുന്നെന്ന് ഫാമിലെ ജീവനക്കാരി ഷീജ. കുട്ടിയെ ആരോ തട്ടിക്കൊണ്ടു പോയെന്നും തങ്ങളുടെ വാഹനം ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചെന്നും പത്മകുമാറിന്റെ ഭാര്യ തന്നോട് പറഞ്ഞെന്നും ഷീജ വെളിപ്പെടുത്തി. അനുപമ അപ്പോള്‍ പതിവുപോലെ പട്ടികളുടെ അടുത്തേക്കാണ് പോയതെന്നും ഷീജ പറഞ്ഞു. ഒരു ഓണ്‍ലൈൻ മാധ്യമത്തോടാണ് ഷീജ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. പത്മകുമാറും കുടുംബവും അറസ്റ്റിലായ വിവരം കേട്ടപ്പോള്‍ മാനസികമായി ഉള്‍ക്കൊള്ളാൻ കഴിഞ്ഞില്ലെന്നും ഷീജ പറഞ്ഞു. ഇവര്‍ ഇങ്ങനെ ഒരു കാര്യം ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല. ഒരു നീലക്കാറ് തെങ്കാശിയില്‍ നിന്ന് പിടിച്ചെന്ന് കേട്ടപ്പോഴാണ് ടിവി തുറന്നുനോക്കുന്നത്. വാര്‍ത്ത കണ്ടപ്പോള്‍ ഷോക്കായെന്നും ഷീജ പറയുന്നു
“കുട്ടിയെ തട്ടിക്കൊണ്ടു പോയതിന് ശേഷം അവര്‍ ഇവിടെ വന്നിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോയ വാര്‍ത്തയെ കുറിച്ച് ചോദിച്ചപ്പോള്‍, ഞങ്ങളുടെ വാഹനവും പൊലീസ് പരിശോധിച്ചെന്നാണ് അവര്‍ പറഞ്ഞത്. ഫാമിലേക്ക് പട്ടികളെ കൊണ്ടിറക്കിയപ്പോള്‍ പത്മകുമാറിന്റെ ഭാര്യയാണ് എന്നോട് ഇക്കാര്യം പറഞ്ഞത്. എല്ലാ വണ്ടികളും ചെക്ക് ചെയ്താണ് അവര്‍ വിടുന്നതെന്ന് എന്നോട് പറഞ്ഞിരുന്നു”. “ഈ സമയത്ത് മകള്‍ അനുപമയും കൂടെയുണ്ടായിരുന്നു. മകള്‍ പട്ടികളുടെ അടുത്തേക്കാണ് പോയത്. പത്മകുമാര്‍ പൊതുവെ ഒന്നും സംസാരിക്കില്ല. ഭാര്യയാണ് എല്ലാ കാര്യങ്ങള്‍ പറയാറുള്ളത്. അനുപമയെ കൊച്ചുനാളു തൊട്ടേ അറിയാം. ഈ ഫാം വാങ്ങിച്ചതിന് ശേഷമാണ് വീണ്ടും കാണുന്നത്. അപ്പോഴേക്കും വലിയ കൊച്ചായി. മകള്‍ക്ക് യൂട്യൂബിലൂടെ വലിയ വരുമാനമുണ്ടെന്ന് ഭാര്യ എന്നോട് പറഞ്ഞിട്ടുണ്ട്. ഇടയ്ക്ക് വച്ച് ഇത് ബ്ലോക്കായെന്ന് പറയുന്നുണ്ടായിരുന്നു”. “ഒരു തവണ അനുപമ ഡബ്ബിംഗിന്റെ സാധനങ്ങള്‍ ഒക്കെ കാണിച്ചിരുന്നു. പണ്ട് രണ്ട് സുഹൃത്തുക്കള്‍ അനുപമയോടൊപ്പം ഫാമില്‍ വരാറുണ്ടായിരുന്നു. രണ്ട് പെണ്‍സുഹൃത്തുക്കളാണ് അത്. എന്നാല്‍ ഇപ്പോള്‍ ആരും വരാറില്ല. ആ കൊച്ച് എപ്പോഴും യൂട്യൂബും മൊബൈലുമായി അടുത്തൊക്കെ കയറി ഫോട്ടോ എടുക്കാറാണ് പതിവ്, അമ്മ മരിച്ച സമയത്ത് രണ്ട് തവണ ഇവരുടെ വീട്ടില്‍ പോയിട്ടുണ്ട്”- ഷീജ പറഞ്ഞു.