കോട്ടയം: പുഞ്ചകൃഷിയിൽ പച്ച പുതച്ച് ജില്ലയിലെ പാടശേഖരങ്ങൾ. കോട്ടയം, പാമ്പാടി, മാടപ്പള്ളി, ഉഴവൂർ, ഏറ്റുമാനൂർ, കടുത്തുരുത്തി, വൈക്കം ബ്ലോക്കുകളിലായി 12374.512 ഹെക്ടറിലാണ് നെൽകൃഷി പുരോഗമിക്കുന്നത്.
മീനച്ചിലാർ – മീനന്തറയാർ – കൊടൂരാർ പുനർസംയോജയന പദ്ധതിടെയും ത്രിതല പഞ്ചായത്തു സംവിധാനങ്ങളുടെയും സഹകരണത്തോടെയാണ് പുഞ്ചകൃഷി നടക്കുന്നത് .
നിലം ഒരുക്കൽ, ഞാറ് നടീൽ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ തൊഴിലുറപ്പ് തൊഴിലാളികളും പദ്ധതിയുടെ ഭാഗമാവുന്നു. അത്യുത്പ്പാദനശേഷിയുള്ള വിത്തിനമായ ഉമയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. കൂടാതെ കുറഞ്ഞ അളവിൽ ജ്യോതിയും കൃഷി ചെയ്യുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
45 മുതൽ 60 ദിവസം വരെ പ്രായമുള്ള നെൽച്ചെടികളാണ് വളർന്നു നിൽക്കുന്നത്. മാർച്ച് 1 മുതൽ കൊയ്ത് ആരംഭിക്കാനാകും. കൃഷിക്ക് ആവശ്യമായ കൂലി ചെലവുകൾ ലഭ്യമാക്കുന്നത് ത്രിതല പഞ്ചായത്തുകളുടെ നേതൃത്വത്തിലാണ് . നിലവിൽ നെൽകൃഷി വികസനപദ്ധതി, സുസ്ഥിര നെൽകൃഷി വികസനം തുടങ്ങിയ പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് കൃഷി നടപ്പാക്കിവരുന്നത്.
ഹെക്ടറിന് 5500 രൂപ വരെയാണ് സബ്സിഡി ഇനത്തിൽ കർഷകർക്ക് ലഭ്യമാക്കി വരുന്നത്.
കർഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ടാണ് തുകനൽകുന്നത്. രജിസ്ട്രേഷൻ മുതലായ ചെലവുകൾക്കായി ഓപ്പറേഷണൽ സപ്പോർട്ട് എന്ന പദ്ധതി വഴി ഹെക്ടറിന് 360 രൂപ മുതൽ പരമാവധി 50000 രൂപ വരെ പാടശേഖര സമിതികൾക്കും നൽകുന്നുണ്ട്. കുറഞ്ഞ 5 ഹെക്ടറെങ്കിലുമുള്ള പാടശേഖരങ്ങൾക്കാണ് ഈ തുക ലഭിക്കുക.
നെല്ലുല്പാദന വർദ്ധനവ് ലക്ഷ്യമിട്ടുളള നിരവധി പദ്ധതികളാണ് ജില്ലയിൽ ഊർജ്ജിതമായി നടപ്പാക്കുന്നത് .
. ഒരു പൂ കൃഷി ഇരുപൂ ആക്കൽ’ എന്ന പദ്ധതി വഴി ഹെക്ടറിന് 10000 രൂപ വരെ സബ്സിഡിയായി കർഷകർക്ക് നൽകുന്നു. ഇതിന്റെ ആദ്യ പടിയായി വൈക്കം ബ്ലോക്കിലെ തലയാഴം പഞ്ചായത്തിൽ 160 ഹെക്ടറിലും, ഏറ്റുമാനൂർ ബ്ലോക്കിലെ കുമരകം പഞ്ചായത്തിൽ 62 ഹെക്ടറിലുമായി മൊത്തം 222 ഹെക്ടർ ഭൂമിയിൽ പദ്ധതി നടപ്പിലാക്കി കഴിഞ്ഞു.
കൃഷിയിടങ്ങളിലെ മണ്ണിന്റെ അമ്ലത്തം കുറക്കുന്നതിനായി കക്ക, ഡോളമൈറ്റ് എന്നിവയും നൽകുന്നു. കൃഷിക്കും മറ്റു ജലസേചനതിനുമായി സൗജന്യ വൈദ്യുതിയും ഉത്പാദന ബോണസായി ഹെക്ടറിന് 1000 രൂപയും പരമ്പരാഗത നെൽകൃഷി ഇനങ്ങൾക്ക് ഹെക്ടറിന് 10000 രൂപയും കർഷകർക്കുള്ള പ്രോത്സാഹനങ്ങളാണ് .
നെൽവയൽ ഉടമകൾക്കുള്ള റോയൽറ്റി സ്കീമിൽ പ്രതിവർഷം 2000 രൂപ വീതമാണ് ഉടമകൾക്ക് നൽകുന്നത് കഴിഞ്ഞ വർഷം 65 ലക്ഷം രൂപയാണ് റോയൽറ്റിയായി കർഷകർക്ക് നൽകിയത്.
കഴിഞ്ഞ വർഷം പദ്ധതിയുടെ ഭാഗമായ കർഷകർക്ക് ഈ വർഷവും അപേക്ഷിക്കാം. ഇവർ കരം അടച്ച രസീത് മാത്രം എ.ഐ.എം എസ് പോർട്ടൽ വഴി അപ്ലോഡ് ചെയതാൽ മതി. പുതിയതായി അപേക്ഷിക്കുന്നവർ കരം അടച്ച രസീതും നെൽവയലിന്റെ വിവരങ്ങളും പോർട്ടലിൽ നൽകണം’