കോട്ടയം : തുലാമഴ അവസാനിച്ച് നല്ല നേരം നോക്കി വിത്തെറിഞ്ഞ കർഷകരെ ദുരിതത്തിലാക്കി വീണ്ടും പെരുമഴ. അപ്രതീക്ഷിതമായെത്തിയ കാലാവസ്ഥാ മാറ്റം കാരണം വിത കഴിഞ്ഞ പാടത്ത് തുകർത്തിയെടുക്കാനാകാതെ വലയുകയാണ് കർഷകർ. കുമരകം എം എൻ ബ്ലോക്ക് പാടശേഖരത്തിലെ ചെമ്മായിക്കരി പാടത്തെ ഒരു പറ്റം കർഷകർക്കാണ് ഈ ദുരവസ്ഥ. പട്ടാണംകരി ഭാഗത്തെ മോട്ടോർതറയ്ക്ക് വേണ്ടിയുള്ള പാലം നിർമ്മാണത്തിലുണ്ടായ കാലത്താമസമാണ് പാടത്ത് വിത്തുവിതയ്ക്കാൻ വൈകാനിടയായത്. പന്ത്രണ്ട് പങ്ക്, പത്തു പങ്ക്, വെളിയം, ചെമ്മായിക്കരി, പട്ടാണംകരി എന്നിങ്ങനെ അഞ്ച് ഗ്രൂപ്പ് ഫാം സമിതികളായുള്ള 1200 ഏക്കർ നെൽവയലാണ് എം എൻ ബ്ലോക്ക് പാടശേഖത്തിലുള്ളത്.
ഇതിൽ പട്ടാണം കരി പാടത്തെ 110 ഏക്കറും ചെമ്മായിക്കരി പാടത്തെ 109 ഏക്കറിലെയും പാടത്തെ വെള്ളം വറ്റിയ്ക്കുന്നത് പട്ടാണംകരി മോട്ടോർ തറ വഴിയാണ്. കരാറുകാരുടെ അലഭാവവും, പാലം പണി താമസിച്ചതും, പെട്ടിയും പറയും സ്ഥാപിച്ച് പമ്പിംഗ് തുടങ്ങാൻ കഴിയാതെ വന്നതുമാണ് വിനയായത്. പട്ടാണംകരി, ചെമ്മായിക്കരി ഒഴികെയുള്ള പാടങ്ങളിൽ നെല്ല് വളർന്ന് വളം ഇട്ട് തുടങ്ങി. എന്നാൽ ഇവിടെയുള്ള താഴ്ന്ന പാടങ്ങളിലെ കർഷകർക്കാണ് കാലം തെറ്റി വന്ന മഴ വില്ലനായത്. നെല്ല് വിതച്ച് ഒരാഴ്ചയായിട്ടും മഴയും വൈദ്യുതി തകരാറും കാരണം വിത തുകർത്താനായില്ല. ഇനിയും ദിവസങ്ങൾ നീണ്ടു പോയാൽ വിളവെടുപ്പ് കാലത്ത് മഴ മറ്റൊരു ദുരിതമാകുമോ എന്ന ആശങ്കയിലാണ് കർഷകർ.