കോട്ടയം: റൗണ്ട് ടേബിൾ 121 ന്റെ ആഭിമുഖ്യത്തിലുള്ള 32 ആമത് കോട്ടയം ഭക്ഷ്യമേളയ്ക്ക് നാഗമ്പടം മൈതാനിയിൽ തുടക്കമായി. മന്ത്രി വി എൻ വാസവൻ മേള ഉദ്ഘാടനം ചെയ്തു. കോട്ടയം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, നഗരസ അംഗം സിൻസി പാറേൽ , മേളയുടെ മുഖ്യ സ്പോൺസർമാരായ ഓക്സിജൻ ഡിജിറ്റൽ ഗ്രൂപ്പ് സിഇഒ ഷിജോ കെ തോമസ്, റൗണ്ട് ടേബിൾ 121 ചെയർമാൻ ഡോ.ജോസഫ് സെബാസ്റ്റ്യൻ എന്നിവർ യോഗത്തിൽ പ്രസംഗിച്ചു. 29 ന് മേള സമാപിക്കും. വൈകിട്ട് നാലര മുതൽ രാത്രി പത്തു വരെയാണ് മേളയിലേയ്ക്കു പ്രവേശനം. ടിക്കറ്റുകൾ ജോ ബോയ് ആപ്പ് വഴിയും നാഗമ്പടം മൈതാനത്ത് തയ്യാറാക്കിയ കൗണ്ടർ വഴിയും വാങ്ങാവുന്നതാണ്.
29 ന് നടക്കുന്ന സമാപന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഓക്സിജൻ ഡിജിറ്റൽ ഷോപ്പാണ് മേളയുടെ പ്രധാന സ്പോൺസർമാർ. എവിറ്റിയും , പുളിമൂട്ടിൽ സിൽക്ക്സും സഹ സ്പോൺസർമാരാകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഭക്ഷണ കൗണ്ടറുകൾ, ലൈവ് ഭക്ഷണ കൗണ്ടറുകൾ, ഫ്ളീ മാർക്കറ്റുകൾ, കാറുകളും വാഹന വിപണിയെയും പരിചയപ്പെടുത്തുന്ന ഓപ്പൺ കൗണ്ടറുകൾ, കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ, കൂടാതെ ഓരോ ദിവസവും വൈകുന്നേരങ്ങളിൽ സ്റ്റേജിൽ കലാ – ആഘോഷ പരിപാടികളും ഭക്ഷ്യമേളയുടെ ഭാഗമായി എത്തുന്നതോടെ കോട്ടയത്തിന് വ്യത്യസ്തമായ ദൃശ്യ വിരുന്നായി ഭക്ഷ്യമേള മാറും.
സ്മോൾ സ്കെയിൽ ഇൻഡസ്ട്രീസിന്റെ ചെറുകിട വ്യവസായികൾക്കുള്ള 20 ൽ പരം സ്റ്റോളുകളും മേളയുടെ ഭാഗമായി നാഗമ്പടത്ത് ഒരുക്കിയിട്ടുണ്ട് എന്നത് മേളയുടെ പ്രത്യേകതയാണ്. എല്ലാ വർഷവും നടത്തുന്ന ഈ മേളയിൽ നിന്നും ലഭിക്കുന്ന വരുമാനം മുഴുവനായും ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കായി റൗണ്ട് ടേബിൾ 121 നടത്തുന്ന സ്പർശ് റൗണ്ട് ടേബിൾ സ്കൂളിന്റെ നടത്തിപ്പിനായി വിനിയോഗിക്കും.
ഒരടി പൊക്കത്തിൽ 60000 സ്ക്വയർ ഫീറ്റിൽ തീർത്ത പ്ളാറ്റ് ഫോമിലാണ് മേള ഒരുക്കിയിരിക്കുന്നത്. ആയിരത്തിൽപരം ആളുകൾക്ക് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള ക്രമീകരണം മേളയിൽ തയ്യാറാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക്ക് പൂർണമായും ഒഴിവാക്കി എല്ലാ വിധ ശുചിത്വ മാനദണ്ഡങ്ങളും പാലിച്ചാണ് ഭക്ഷ്യമേള കോട്ടയത്ത് ഒരുക്കിയിരിക്കുന്നത്. നിയമപരമായ മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് സ്റ്റാളുകൾ മേളയിൽ പങ്കെടുക്കുന്നത്. മേളയിലെ തിരക്കും, കുര്യൻ ഉതുപ്പ് റോഡിലെ അറ്റകുറ്റപണികളും പരിഗണിച്ച് രണ്ട് കവാടങ്ങളാണ് ഇക്കുറി മേളയ്ക്കായി ഒരുക്കിയിരിക്കുന്നത്. പാർക്കിംങിനായി നെഹ്റു സ്റ്റേഡിയത്തിലും, ഇൻഡോർ സ്റ്റേഡിയത്തിലും ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.