കോട്ടയം: ഗാന്ധിനഗറിലെ പമ്പിലെ വെട്ടിപ്പിലൂടെ സമ്പാദിച്ച പണം പ്രതികൾ പലിശയ്ക്കും നൽകിയിരുന്നതായി കണ്ടെത്തൽ. കേസിൽ നിലവിൽ പിടിയിലായ മൂന്നു പേരിൽ രാഹുലാണ് തട്ടിപ്പിന്റെ സൂത്രധാരനെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇന്ധനം ഊറ്റിവിറ്റതിലൂടെ പ്രതികൾ മാസം ഒരു ലക്ഷം രൂപയ്ക്കു മുകളിൽ സമ്പാദിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. തെള്ളകം വാളാംപറമ്പിൽ ടിജോ ജോൺ (28), ഗാന്ധിനഗർ ഏറാട്ട് രാഹുൽ (30) , പെരുമ്പായിക്കാട് ചെമ്പകശേരിൽ ജിനേഷ് (33) എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ശ്രീജിത്ത് അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
പ്രതി മാസം ഒരു ലക്ഷം രൂപ വരെ പ്രതികൾ ഇന്ധനം മോഷ്ടിച്ചതിലൂടെ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം. പമ്പിൽ നിന്നുള്ള സിസിടിവി ക്യാമറാ ദൃശ്യങ്ങളും, പ്രതികളുടെയും പമ്പിന്റെയും അക്കൗണ്ട് വിവരങ്ങളും ശേഖരിച്ചാണ് പൊലീസ് സംഘം പരിശോധന നടത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളിലേയ്ക്ക് എത്തിയിരിക്കുന്നത്. ഇവരിൽ നിന്നും ഇന്ധനം ഊറ്റി വിൽപ്പന നടത്തിയ കൂടുതൽ പ്രതികൾ ഉണ്ടെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം. സിസിടിവി ക്യാമറാ ദൃശ്യങ്ങളും വാഹനത്തിന്റെ നമ്പരും അടക്കം ശേഖരിച്ച് പൊലീസ് സംഘം പരിശോധന ആരംഭിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേസിന്റെ മുഖ്യസൂത്രധാരൻ രാഹുലാണെന്നാണ് പൊലീസ് പറയുന്നത്. പമ്പിൽ പുലർച്ചെയുള്ള ഷിഫ്റ്റ് രാഹുൽ തിരഞ്ഞെടുത്ത്ത തന്നെ പെട്രോളും – ഡീസലും ടെസ്റ്റ് ചെയ്യുന്നത് വഴി തട്ടിയെടുക്കാൻ വേണ്ടിയാണെന്നാണ് പൊലീസ് പറയുന്നത്. മുൻപ് ഇവിടെ ജോലി ചെയ്തിരുന്നവർ സമാന രീതിയിൽ തട്ടിപ്പ് നടത്തിയിരുന്നു. ഇവർ പഠിപ്പിച്ചു നൽകിയതാണ് ഇപ്പോൾ ഇന്ധനം മോഷ്ടിക്കാൻ രാഹുലിന് പ്രചോദനമായതെന്ന് പൊലീസ് പറയുന്നു.
മോഷ്ടിച്ചെടുത്ത പെട്രോളും – ഡീസലും വിറ്റ് കിട്ടിയ പണം പ്രതികൾ പലിശയ്ക്ക് നൽകിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇന്ധനം വാങ്ങിയ കൂടുതൽ പ്രതികളെ പൊലീസ് വരും ദിവസങ്ങളിൽ അറസ്റ്റ് ചെയ്‌തേക്കും.