കോട്ടയം: മെഡിക്കൽ കോളേജ് നഴ്‌സിംങ് കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്കെതിരെ ക്രൂരമായ റാംഗിംങ്. ഒന്നാം വർഷ വിദ്യാർത്ഥികളെ റാഗ് ചെയ്ത മൂന്നാം വർഷ വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. മൂന്നു മാസത്തോളം നീണ്ടു നിന്ന റാഗിംങിന് ഒടുവിൽ പൊറുതി മുട്ടിയ ഒന്നാം വർഷ വിദ്യാർത്ഥികൾ പരാതി നൽകിയതോടെയാണ് ഗാന്ധിനഗർ പൊലീസ് കേസെടുത്തത്. കഴിഞ്ഞ നവംബറിൽ തുടങ്ങിയ റാഗിംങിന് ഒടുവിലാണ് കുട്ടികൾ പരാതി നൽകിയത്.
ഒന്നാം വർഷ വിദ്യാർത്ഥികളെ മൂന്നാം വർഷ നഴ്‌സിംങ് വിദ്യാർത്ഥികളാണ് ക്രൂരമായി പീഡിപ്പിച്ചത്. നഗ്നരാക്കി നിർത്തിയ ശേഷം വിദ്യാർത്ഥികളുടെ സ്വകാര്യ ഭാഗങ്ങളിൽ വെയ്റ്റ് ലിഫ്റ്റിംങിന് ഉപയോഗിക്കുന്ന ഡമ്പൽ തൂക്കിയാണ് ക്രൂരത നടത്തിയത്. ഇത് കൂടാതെ മുഖത്തും തലയിലും ക്രീം തേയ്ക്കും. കോമ്പസ് അടക്കമുള്ളവ ഉപയോഗിച്ച് ശരീരത്തിൽ മുറിവ് വരുത്തും, ഇതിന് ശേഷം ഈ മുറിവിൽ ലോഷൻ തേക്കുമെന്നും പരാതിയിൽ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്രൂരമായി ആക്രമിച്ച ശേഷം വായ പൊളിക്കുമ്പോൾ മുഖത്ത് തേക്കുന്ന ക്രീം അടക്കം വായിൽ കുത്തിക്കയറ്റുന്നതായും പരാതി ഉയർന്നിട്ടുണ്ട്. ഇത് കൂടാതെ ഞായറാഴ്ച ദിവസങ്ങളിൽ കുട്ടികളിൽ നിന്നും 800 രൂപ വീതം പിരിവിട്ട് വാങ്ങിയ ശേഷം സീനിയർ വിദ്യാർത്ഥികൾ മദ്യപിച്ചിരുന്നതായും പരാതിയിൽ പറയുന്നു. കഴിഞ്ഞ നവംബർ മുതലാണ് റാഗിംങിന്റെ പേരിൽ ക്രൂരമായ പീഡനം അരങ്ങേറിയത്. സ്ഥിരമായി ജൂനിയർ വിദ്യാർത്ഥികളെ മർദിക്കുകയും ചെയ്തിരുന്നു. പീഡനം സഹിക്കവയ്യാതെയാണ് മൂന്ന് കുട്ടികൾ ഇപ്പോൾ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ശ്രീജിത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സീനിയർ വിദ്യാർത്ഥികളെ കസ്റ്റഡിയിൽ എടുത്തതായി സൂചനയുണ്ട്.