പുതുപ്പള്ളി: അച്ഛനെ ചവിട്ടിക്കൊല്ലുകയും, സുഹൃത്തിനെ കൊലപ്പെടുത്തി കഷണങ്ങളാക്കി വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയും ചെയ്ത ഗുണ്ട കമ്മൽ വിനോദിന്റെ അഴിഞ്ഞാട്ടം വീണ്ടും. ഗുണ്ടകൾക്കെതിരെ സംസ്ഥാന പൊലീസിന്റെ നിർദേശ പ്രകാരം നടപടി ശക്തമാക്കി എന്ന് അവകാശപ്പെടുമ്പോഴാണ് ഗുണ്ടകളുടെ അഴിഞ്ഞാട്ടം ജില്ലയിൽ വീണ്ടും ശക്തമായത്.
ഇക്കുറി പുതുപ്പള്ളി കൈതേപാലത്ത് വഴിയോര കച്ചവടക്കാരന് നേരെയാണ് ഗുണ്ടാ ആക്രമണം ഉണ്ടായത്. കൈതേപ്പാലത്ത് തട്ടുകട നടത്തുന്ന സന്തോഷിനെതിരേയാണ് ഗുണ്ടാ ക്രിമിനൽ സംഘത്തിന്റെ ആക്രമണം ഉണ്ടായത്. ജില്ലയിൽ നിരവധി കേസുകളിൽ പ്രതിയായ കമ്മൽ വിനോദും മക്കളും ചേർന്നാണ് ആക്രമണം നടത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം 4.30 ഓടെയായിരുന്നു സംഭവം. യാതൊരു പ്രകോപനവുമില്ലാതെ കടയിലേക്ക് കയറി വന്ന അക്രമി സംഘം മാരകായുധങ്ങളുമായി ആക്രമണം അഴിച്ചു വിടുകയായിരുന്നു. അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുഖത്ത് മാരകമായ മർദനമേറ്റതിനെ തുടർന്ന് സന്തോഷിന്റെ പല്ല് പോയിട്ടുണ്ട്. ചങ്കിലും പുറത്തും മാരകമായ മർദനമേറ്റു. മുൻപ് ജില്ലയിൽ കൊലപാതകം ഉൾപ്പടെയുള്ള കേസുകളിൽ പ്രതിയാണ് കമ്മൽ വിനോദ്. യുവാവിനെ കൊന്ന ശേഷം മൃതദേഹം കഷണങ്ങളാക്കി ചാക്കിൽ കെട്ടി ഉപേക്ഷിച്ച കേസിൽ അറസ്റ്റിലായ ക്രിമിനലാണ് കമ്മൽ വിനോദ്. കൂരോപ്പട പഞ്ചായത്തിൽ മുൻപ് വാടക വീട്ടിൽ താമസിച്ചിരുന്ന ഇവർ കുരോപ്പടയിലും ആക്രമം അഴിച്ചു വിട്ടിരുന്നു.
വയോധികനെ കൊല്ലാൻ ശ്രമിച്ച കേസിൽ
കമ്മൽ വിനോദ് അറസ്റ്റിലായിരുന്നു. കൂരോപ്പടയിൽ അക്രമണം നടത്തി ഭീതി സൃഷ്ടിച്ച വിനോദിനേയും മക്കളേയും നാട്ടുകാരുടെ പരാതിയെ തുടർന്ന് പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയ സമിതി രൂപീകരിച്ച് പ്രതിഷേധിച്ചതോടെ വിനോദും കുടുംബവും വീട് ഒഴിഞ്ഞ് പോവുകയായിരുന്നു. തുടർന്ന് പുതുപ്പള്ളി പഞ്ചായത്തിൽ വിവിധ കച്ചവടങ്ങൾ നടത്തി വരികയായിരുന്ന വിനോദും മക്കളും പുതുപ്പള്ളിയിലും ആക്രമണം അഴിച്ചു വിടുകയായിരുന്നു.