കോട്ടയം: നഗരമധ്യത്തിലെ കോളേജ് വിദ്യാർത്ഥിയായ പെൺകുട്ടിയ്ക്കും സുഹൃത്തിനും നേരെയുണ്ടായ സദാചാര ഗുണ്ടായിസ ആക്രമണത്തിൽ മൂന്നു പ്രതികൾ പിടിയിൽ. താഴത്തങ്ങാടി സ്വദേശികളായ മൂന്നംഗ സംഘത്തെയാണ് കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ.ആർ പ്രശാന്ത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കോട്ടയം താഴത്തങ്ങാടി വേളൂർ വേളൂർത്തറ മുഹമ്മദ് അസം (24), മാണിക്കുന്നം തഫീഖ് അഷറഫ് (22), കുമ്മനം ക്രസന്റ് വില്ലയിൽ ഷബീർ (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതിന് അടക്കമുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
തിങ്കളാഴ്ച രാത്രി 12 മണിയോടെ കോട്ടയം നഗരമധ്യത്തിൽ സെൻട്രൽ ജംഗ്ഷനിലായിരുന്നു അക്രമ സംഭവങ്ങൾ. കോട്ടയം ചാലുകുന്നിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ സുഹൃത്തായ പെൺകുട്ടിയെ കാണുന്നതിനായി ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിയ ശേഷം മടങ്ങുകയായിരുന്ന സിഎംഎസ് കോളേജ് വിദ്യാർത്ഥിയായ പെൺകുട്ടിയെയാണ് അക്രമി സംഘം ശല്യം ചെയ്തത്. ഇത് ചോദ്യം ചെയ്ത പെൺകുട്ടിയുടെ സുഹൃത്തിനെ പിൻതുടർന്ന് എത്തിയ അക്രമി സംഘം കയ്യേറ്റം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത് തടയാൻ എത്തിയ പെൺകുട്ടിയെ ആക്രമിക്കുകയും കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തു. രാത്രിയിൽ പെൺകുട്ടിയെയുമായി നഗരത്തിൽ നടക്കുന്നത് എന്താണ് എന്നു ചോദിച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ പരിക്കേറ്റ പെൺകുട്ടിയെയും സുഹൃത്തിനെയും കോട്ടയം ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ടി.ആർ ജിജു എത്തിയാണ് രക്ഷപെടുത്തിയത്. സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെ കോട്ടയം വെസ്റ്റ് എസ്ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം രാത്രിയിൽ തന്നെ കസ്റ്റഡിയിൽ എടുത്തു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.