കോട്ടയം: ജില്ലയുടെ മലയോര മേഖലയിൽ കനത്ത മഴതുടരുന്നു. രാവിലെ അൽപം ശാന്തമായി നിന്ന മഴ ഉച്ചയോടെ തകർത്തു പെയ്യുകയാണ്. ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച ജില്ലാ ഭരണകൂടം അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കൂട്ടിക്കൽ ചപ്പാത്തിൽ വെള്ളം കയറിയിട്ടുണ്ട്. ഇത് കൂടാതെ മുണ്ടക്കയം കണമല കോസ് വേയിലും വെള്ളം കയറി. ഇതോടെ എല്ലായിടത്തും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ റവന്യു വകുപ്പിനും, അഗ്നിരക്ഷാ സേനയ്ക്കും പൊലീസിനും ദുരന്തനിവാരണ സേനയും സജ്ജമായിട്ടുണ്ട്.
മലയോര മേഖലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഉരുൾ പൊട്ടൽ ഭീതിയും നിലനിൽക്കുന്നുണ്ട്. പലയിടത്തു നിന്നും സാധാരണക്കാരെ ഒഴിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. അപകട സാധ്യതാ മേഖലയിലുള്ള സാധാരണക്കാരോട് അടിയന്തരമായി സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്കു മാറാൻ നിർദേശം നൽകിയിട്ടുണ്ട്.