ജയിൽ ചാടിയത് മക്കളെ കാണാൻ ; വീടെത്തും മുൻപ് പോലീസ് പിടിയിലായി ; ആവർത്തിച്ച് ക്ഷമ പറഞ്ഞ് ബിനുമോൻ

കോട്ടയം: ജില്ലാ ജയിലില്‍ നിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയ സംഭവത്തിൽ പ്രതിയുടെ വെളിപ്പെടുത്തൽ പുറത്ത് . ജയില്‍ ചാടിയ പ്രതി ബിനുമോനെ വളരെ വേഗം പിടികൂടി അകത്താക്കാന്‍ പൊലീസിനായി. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ ജയില്‍ ചാടിയ ബിനുമോനെ രാത്രി പത്തു മണിയോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം മീനടത്തെ സ്വന്തം വീട്ടില്‍ നിന്ന് തന്നെയാണ് ബിനുമോന്‍ പിടിയിലായത്. പിടിയിലായതിനു ശേഷം നടന്ന ചോദ്യം ചെയ്യലിലാണ് ജയില്‍ ചാടാനുണ്ടായ കാരണം ബിനുമോന്‍ പറഞ്ഞത്. പത്താം ക്ലാസില്‍ പഠിക്കുന്ന മകന്‍റെയും ഏഴാം ക്ലാസില്‍ പഠിക്കുന്ന മകളുടെയും പിതാവാണ് ബിനു മോന്‍.

Advertisements

വെളളിയാഴ്ച ജയിലിലെ ഫോണില്‍ മക്കളെ വിളിക്കാന്‍ ശ്രമിച്ചിരുന്നു എന്നാല്‍ ഫോണില്‍ കിട്ടിയില്ല. ഈ സങ്കടം കൊണ്ടാണ് താന്‍ ജയില്‍ ചാടാന്‍ തീരുമാനിച്ചതെന്ന് ബിനുമോന്‍ പറഞ്ഞു. ജയില്‍ ചാടി വീടിനടുത്ത് വരെ എത്തിയെങ്കിലും മക്കളെ കാണാന്‍ ബിനുമോന് കഴിഞ്ഞില്ല. അതിനു മുൻപ് തന്നെ വീടിനു സമീപം പതിയിരുന്ന പൊലീസ് സംഘം ബിനുമോനെ അറസ്റ്റ് ചെയ്തു. എന്നാൽ ഓട്ടോഡ്രൈവറായ ബിനുമോന്‍ ജയിലില്‍ ശാന്തശീലനായിരുന്നു എന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഷാന്‍ വധക്കേസില്‍ താന്‍ പെട്ടുപോയതാണെന്നും ഷാനെ ആക്രമിച്ചവരുടെ കൂട്ടത്തില്‍ താനില്ലായിരുന്നു എന്നുമാണ് എപ്പോഴും ബിനുമോന്‍ സഹതടവുകാരോടും പറഞ്ഞിരുന്നത്. കേസ് നടത്തിപ്പിനായി അഞ്ചു ലക്ഷം രൂപയോളം കടം വാങ്ങേണ്ടി വന്നതോടെ ബിനുമോന്‍റെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമായിരുന്നു.ഇതോടെ ഭാര്യ ജോലി തേടി വിദേശത്തേക്കു പോയി.

കുടുംബത്തെ സഹായിക്കാനായി ജയിലില്‍ എന്തെങ്കിലും ജോലി ചെയ്ത് പണമുണ്ടാക്കാന്‍ അനുമതി വേണമെന്നും ബിനുമോന്‍ ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. പൊതുവെ സൗമ്യമായി മാത്രം ജയിലില്‍ പെരുമാറിയിരുന്ന ബിനുമോന്‍ അതിവേഗം ജയില്‍ ഉദ്യോഗസ്ഥരുടെയും വിശ്വാസം ആര്‍ജിച്ചു.

അതുകൊണ്ട് തന്നെയാണ് അടുക്കള ജോലിയിലേക്ക് ബിനുമോനെ നിയോഗിച്ചതും. എന്നാല്‍ എപ്പോഴും സൗമ്യതയോടെ പെരുമാറിയിരുന്ന ബിനുമോന്‍റെ ജയില്‍ചാട്ടം ജയില്‍ ഉദ്യോഗസ്ഥരിലും അമ്പരപ്പുണ്ടാക്കി. വീണ്ടും അറസ്റ്റിലായി കോട്ടയം ജില്ലാ ജയിലില്‍ എത്തിയ ശേഷം ജയില്‍ ഉദ്യോഗസ്ഥരോട് ആവര്‍ത്തിച്ച്‌ ക്ഷമ ചോദിക്കുന്നുമുണ്ടായിരുന്നു ബിനുമോന്‍.

എന്നാല്‍ ജയില്‍ ചാടിയ പ്രതിയോട് ഇനിയൊരു പരിഗണനയും വേണ്ടെന്ന നിലപാടിലാണ് ജയില്‍ അധികൃതർ. അതിനാൽ തന്നെ ബിനുമോനെ ഉടന്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. ജയില്‍ ചാടാന്‍ ശ്രമിക്കുന്ന പ്രതികളെ സെന്‍ട്രല്‍ ജയില്‍ പോലെ കൂടുതല്‍ സുരക്ഷയുളള ഇടങ്ങളിലേക്ക് മാറ്റണമെന്നാണ് ജയില്‍ ചട്ടവും.

ബിനുമോന്‍റെ ഓട്ടോറിക്ഷയിലാണ് യുവാവിനെ തട്ടിക്കൊണ്ടു പോയത് എന്നായിരുന്നു പൊലീസ് കണ്ടെത്തല്‍. കേസിലെ മുഖ്യപ്രതിയായ കുപ്രസിദ്ധ ഗുണ്ട ജോമോനും ഇപ്പോള്‍ സെന്‍ട്രല്‍ ജയിലിലാണ്. കേസിന്‍റെ വിചാരണ നടപടികള്‍ ഉടന്‍ തുടങ്ങാനിരിക്കെയാണ് പ്രതികളിലൊരാളുടെ ജയില്‍ ചാട്ടം ഉണ്ടായത്.

Hot Topics

Related Articles