കോട്ടയം : കടുത്തുരുത്തി മുട്ടുചിറയിലെ പാഴ്‌സല്‍ സര്‍വീസ് സ്ഥാപനത്തിന്റെ മിനി പിക്കപ്പ് വാന്‍ മോഷ്ടിച്ച സംഭവത്തില്‍ നിരവധി കേസിലെ പ്രതികളായ രണ്ട് അന്തര്‍ ജില്ലാ മോഷ്ടാക്കള്‍ പിടിയില്‍. കൊല്ലം തുറവൂര്‍ ഓടനാവട്ടം അജയഭവനം ശ്രീകുമാര്‍(27),തോപ്പിൽ പള്ളിക്ക് സമീപം ഡോൺ ബോസ്കോ നഗർ കൊടിമരം ജോസ് (40) എന്നിവരാണ് കടുത്തുരുത്തി പോലീസിന്റെ പിടിയിലായത്.മോഷ്ടിക്കപ്പെട്ട വാഹനം പോലീസ് കൊല്ലം കേരളപുരത്ത് നിന്ന് കണ്ടെടുത്തു.
ജൂലൈ 12-ന് രാത്രി 9.30 നാണ് മുട്ടുചിറയ്ക്ക് സമീപം വീടിനോട് ചേർന്ന് പാഴ്‌സല്‍ സര്‍വീസ് നടത്തുന്ന കാളിപറമ്പിൽ ബിജുവിന്റെ വീടിന്റെ പുറകുവശത്ത് നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് വാനാണ് മോഷണം പോയത്. ഈ വാഹനത്തിൽ ഉണ്ടായിരുന്ന പണവും ഇവര്‍ കവര്‍ന്നു.തുടര്‍ന്ന് പോലീസ് സിസിടിവി ക്യാമറകള്‍ പിരശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹന മോഷ്ടാക്കളെ സംബന്ധിച്ചുള്ള വിവരം ലഭ്യമായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രതികളിലൊരാളായ ശ്രീകുമാര്‍ നാല് വര്‍ഷം മുൻപ് ബിജുവിന്റെ പാഴ്‌സല്‍ സര്‍വീസ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ജോസ് പതിനാറോളം കേസുകളിലും, ശ്രീകുമാർ അഞ്ച് കേസുകളിലും പ്രതിയാണ്. ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ശ്രീകുമാറിനെ കൊല്ലത്തുനിന്നും കൊടിമരം ജോസിനെ എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. മോഷണ കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായിരുന്ന ശ്രീകുമാര്‍ ഒരുമാസം മുൻപും കൊടിമരം ജോസ് രണ്ടരമാസം മുമ്പുമാണ് പുറത്തിറങ്ങിയത്. മോഷണശേഷം കൊല്ലത്ത് സ്വകാര്യ ബസില്‍ ജീവനക്കാരനായി ജോലി ചെയ്യുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
വൈക്കം ഡിവൈഎസ്പി എ ജെ തോമസിന്‍റെ നിര്‍ദ്ദേശാനുസരണം കടുത്തുരുത്തി എസ് എച്ച് ഒ സജീവ് ചെറിയാന്‍, എസ് ഐ വിപിന്‍ ചന്ദ്രന്‍, എ എസ് ഐ വി വി റോജിമോന്‍, എസ് സി പി ഒ മാരായ കെ പി സജി, കെ കെ സജി, അനൂപ് അപ്പുക്കുട്ടന്‍, പി ആർ രജീഷ്, സി പി ഒ മാരായ എ കെ പ്രവീണ്‍കുമാര്‍, ധനീഷ്, സജയ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.