കടുത്തുരുത്തി: യൂകെയിൽ ജോലിക്കിടെ കെട്ടിടത്തിൽ നിന്നും താഴെ വീണു മലയാളി യുവാവ് മരിച്ചു. കടുത്തുരുത്തി വെട്ടുവഴിയിൽ പരേതനായ മാത്യുവിന്റെ മകൻ എബിൻ മാത്യു (43) ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പ് ബ്ലാക്ബേണിലാണ് അപകടം. 2023 മാർച്ചിലാണ് എബിൻ മക്കൾക്കൊപ്പം യുകെയിലെത്തുന്നത്. ഭാര്യഡാനയ്ക്കു നഴ്സിംഗ് ഹോമിൽ ജോലി ലഭിച്ചതിനെ തുടർന്നണ് എബിനും രണ്ട് മക്കളും യുകെയിലെത്തിയത്. തുടർന്ന് ഡയാന ജോലി ചെയ്യുന്ന അതേ നഴ്സിംഗ് ഹോമിൽ തന്നെ എബിനും ജോലിക്ക് കയറി. സ്ഥാപനത്തിലെ അറ്റകുറ്റപണികൾ ചെയ്യുന്ന മെയിന്റനൻസ് ആൻഡ് റിപ്പയറിംഗ് സൂപ്പർവൈസറായിട്ടാണ് ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം നഴ്സിംഗ് ഹോമിലെ ലോഫ്റ്റിൽ അറ്റകുറ്റപണിക്കിടെ കയറിയ എബിൻ ഉയരത്തിൽ നിന്നും താഴേക്കു വീഴുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. തലയ്ക്കു സാരമായ പരിക്കേറ്റിരുന്നതിനാൽ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെ പതിനൊന്നോടെ എബിൻ മരിച്ചു. കാനഡയിലുള്ള സഹോദരൻ ജസ്റ്റിൻ യുകെയിലെത്തിയിട്ടുണ്ട്. നടപടികൾ പൂർത്തിയായ ശേഷം സംസ്ക്കാരം പിന്നീട് യൂകെയിൽ നടക്കും. മക്കൾ – റയാൻ, റിയ