കോട്ടയം: കല്ലറയിൽ ഓണാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ എതിർവാദവുമായി മറ്റൊരു വിഭാഗം. ജാതിപ്പേര് വിളിച്ച് ആക്രമിച്ചതായും മർദിച്ചതായും ആരോപണം ഉയർത്തി എതിർവിഭാഗവും രംഗത്ത് എത്തിയിട്ടുണ്ട്. ആക്രമണത്തിൽ തങ്ങൾക്ക് പരിക്കേറ്റതായി കാട്ടി കല്ലറ കൽപകശേരിൽ അഭിമന്യു കെ.അനിൽ, പിതാവ് അനിൽകുമാർ, മാതാവ് സരിക, സഹോദരൻ അശ്വിൻ കെ.അനിൽ, ഇവർക്കൊപ്പമുണ്ടായിരുന്ന പതിനേഴുകാരൻ എന്നിവരാണ് പൊലീസിൽ പരാതി നൽകിയത്. തങ്ങളെ ആക്രമിച്ചതിൽ കഞ്ചാവ് കേസിൽ പിടിയിലായവർ അടക്കമുണ്ടെന്നും ഇവർ പറയുന്നു.
കഴിഞ്ഞ ദിവസം രാത്രിയിൽ ഓണാഘോഷത്തിനിടെ കല്ലറയിൽ സംഘർഷമുണ്ടായതായും ആറു പേർക്ക് പരിക്കേറ്റതായും ഇന്നലെ ജാഗ്രത ന്യൂസ് ലൈവ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ സംഘർഷത്തിൽ പരിക്കേറ്റ രണ്ടു പേർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. ഇതു സംബന്ധിച്ചു ജാഗ്രത ന്യൂസ് ലൈവ് വാർത്ത പ്രസിദ്ധീകരിച്ചതോടെയാണ് മറ്റൊരു വിഭാഗം തങ്ങൾക്കും മർദനമേറ്റതായുള്ള പരാതിയുമായി രംഗത്ത് എത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നാക്ക വിഭാഗത്തിൽപ്പെട്ട തങ്ങളെ ഒരു സംഘം ആളുകൾ അസഭ്യം വിളിക്കുകയും, ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച് ആക്രമിക്കുകയുമായിരുന്നതായി ഇവർ പരാതിയിൽ പറയുന്നു. തന്റെ ബന്ധുക്കൾക്കൊപ്പം ഓണാഘോഷ പരിപാടിയിൽ നൃത്തം ചെയ്യുന്നതിനിടെ ഒരു സംഘം അക്രമികൾ യാതൊരു പ്രകോപനവുമില്ലാതെ തന്നെ ആക്രമിക്കുകയായിരുന്നതായി അശ്വിൻ പറയുന്നു. ഇതിനിടെ സ്ഥലത്ത് എത്തിയ സഹോദരൻ അഭിമന്യുവിനെയും സുഹൃത്തായ 17 കാരനെയും സംഘം പ്രകോപനമില്ലാതെ ആക്രമിച്ചു.
അഭിമന്യുവിനെ പിടിച്ചു വലിച്ചു കൊണ്ടു പോകുന്നത് കണ്ട് തടയാൻ എത്തിയ മാതാപിതാക്കളെയും തങ്ങളുടെ കൺമുന്നിലിട്ട് ആക്രമിച്ചതായും ഇവർ പറയുന്നു. മൂക്കിനും തലയ്ക്കും പരിക്കേറ്റ അഭിമന്യുവിനെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തങ്ങളെ ആക്രമിച്ചവർക്കും ലഹരി മാഫിയയുമായി ബന്ധമുണ്ടെന്നും ഇവർ ആരോപിക്കുന്നു. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിയ്ക്ക് അടക്കം പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം.