കോട്ടയം : കോട്ടയം കഞ്ഞിക്കുഴി നാട്ടുകാർക്ക് ദുരിതമായ കുഴി പൊലീസ് അടച്ചതിനു പിന്നാലെ നടപടിയുമായി പൊതുമരാമത്ത് വകുപ്പ്. നിരന്തരം നാട്ടുകാർ കുഴിയിൽ വീഴുകയും ഗതാഗതക്കുരുക്കുണ്ടാവുകയും ചെയ്തതോടെയാണ് കോട്ടയം ട്രാഫിക് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ചേർന്ന് കല്ലും മണ്ണും ഇട്ട് ബുധനാഴ്ച രാവിലെ ഈ കുഴി അടച്ചത്. ഇതിനു പിന്നാലെ ഉച്ചയോടെയാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ സ്ഥലത്തെത്തി കല്ലും മണ്ണും നീക്കം ചെയ്ത് റോഡിലെ കുഴിയിൽ ടാർ ഉപയോഗിച്ച് പഞ്ചർ ഒട്ടിച്ചത്.
രണ്ടാഴ്ചയിലേറെയായി കുഴിയായി കിടന്നിരുന്ന റോഡാണ് പൊലീസിന്റെ നടപടിക്ക് പിന്നാലെ പൊതുമരാമത്ത് വകുപ്പ് അധികൃതർ അതിവേഗത്തിൽ എത്തി മൂടിയത്. റോഡിലെ കുഴിയടക്കാൻ പൊലീസ് മുൻകൈയെടുത്ത് സംബന്ധിച്ച് ജാഗ്രത ന്യൂസ് ലൈവ് ബുധനാഴ്ച വാർത്ത കൊടുക്കുകയും ചെയ്തിരുന്നു. ട്രാഫിക് പൊലീസ് സ്റ്റേഷനിലെ എസ് ഐ ബിജു പി നായരും , സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷാജിയും ചേർന്നാണ് ബുധനാഴ്ച രാവിലെ കഞ്ഞിക്കുഴിയിലെ അപകടകുഴി അടച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടാഴ്ചയായി തുടരുന്ന കനത്ത മഴയിൽ കോട്ടയം നഗരത്തിലെ പല റോഡുകളും കുഴിയായി തീർന്നിട്ടുണ്ട്. ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും അടക്കം സഞ്ചരിക്കുന്ന കഞ്ഞിക്കുഴിയിൽ റോഡിൽ തന്നെ പലയിടത്തും ആഴത്തിലുള്ള കുഴികൾ ആണ് ഉള്ളത്. ഈ കുഴി അടയ്ക്കാൻ പോലും തയ്യാറാക്കാത്ത പുതുമരാമത്ത് വകുപ്പ് അധികൃതരാണ് പൊലീസ് കുഴിയടച്ചതിന് പിന്നാലെ അതിവേഗത്തിൽ ആക്ഷനുമായി രംഗത്തെത്തിയത്.
പൊലീസ് കുഴിയടച്ചതിന് പിന്നാലെ പോലീസ് ഉദ്യോഗസ്ഥർ കുഴിയടക്കാൻ കല്ലും മണ്ണുമായി നിൽക്കുന്ന ചിത്രം സഹിതം ജാഗ്രത ന്യൂസ് ലൈവ് വാർത്ത നൽകിയിരുന്നു. ഈ വാർത്ത പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് ഷെയർ ചെയ്തു കിട്ടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മന്ത്രിയുടെ ഓഫീസിൽ നിന്നുണ്ടായ ഇടപെടലിനെ തുടർന്നാണ് കോട്ടയത്തെ പൊതുമരാമത്ത് വകുപ്പ് അധികൃതർ ഒരു മണിക്കൂറിനുള്ളിൽ തന്നെ കുഴിയടയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചത്.