ജാഗ്രതാ ന്യൂസ്
ക്രൈം ഡെസ്‌ക്
കോട്ടയം: കടബാധ്യതയിൽ കുടുങ്ങിത്തകർന്നതിനെ തുടർന്ന് കരകയറാൻ കണ്ടെത്തിയ അവസാന കച്ചിത്തുരുമ്പിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ പിടിവിട്ടു പോയ ജോർജിന്റെ തോക്കിലെ വെടിപൊട്ടിയപ്പോൾ തകർന്നത് രണ്ടു കുടുംബങ്ങളുടെ നെഞ്ചകമാണ്. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കരിമ്പനാൽ രഞ്ജു കുര്യൻ (50), മാതൃസഹോദരൻ കൂട്ടിക്കൽ പൊട്ടംകുളം മാത്യു സ്‌കറിയ (78) എന്നിവരാണ് രഞ്ജുവിന്റെ സഹോദരൻ ജോർജ് കുര്യന്റെ (52) വെടിയേറ്റ് ചൊവ്വാഴ്ച മരിച്ചത്.
കൊച്ചിയിൽ ബിൽഡറും ഫ്‌ളാറ്റ് നിർമ്മാതാവുമായ ജോർജ് കുര്യന് കടുത്ത സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നു. ഈ ബാധ്യതകൾ തീർക്കുന്നതിനായി ജോർജ് കുര്യൻ കണ്ടെത്തിയ വഴി വീടിനോടു ചേർന്നുള്ള രണ്ടര ഏക്കർ സ്ഥപത്ത് വില്ല നിർമ്മിച്ച് വിൽപ്പന നടത്തുകയായിരുന്നു. ഇതിനായി ഒരാഴ്ചയോളമായി ജോർജും മാതാവ് റോസ് കുര്യനും, പിതാവ് കെ.വി കുര്യനുമായി ചർച്ച നടത്തുകയായിരുന്നു. ഈ ചർച്ചകൾക്കൊടുവിൽ വിവരം അറിഞ്ഞ് രഞ്ജു സ്ഥലത്ത് എത്തുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വീടിനോടു ചേർന്ന് പത്തോ ഇരുപതോ വീട് വച്ച് വിൽപ്പന നടത്തുന്നതിൽ കടുത്ത എതിർപ്പാണ് രഞ്ജു മുന്നോട്ടു വച്ചത്. ഇത് ജോർജിനെ ചൊടിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ചർച്ചകളിലൊന്നിൽ പോലും രഞ്ജു തന്റെ നിലപാടിൽ നിന്നും പിന്നോട്ട് പോകാൻ തയ്യാറായില്ല. ഇതിനിടെയാണ് തിങ്കളാഴ്ച വൈകിട്ടോടെ വീണ്ടും ചർച്ചയ്ക്കായി ഇരുവരും എത്തിയത്. ഇതിനിടെയാണ് ചർച്ച വാക്കേറ്റത്തിലും കയ്യാങ്കളിയിലും വെടിവയ്പ്പിലും കലാശിച്ചതും.
കൊച്ചിയിൽ ബിൽഡറായ ജോർജിന് കൊവിഡിനെ തുടർന്നാണ് സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തത്. ബന്ധുക്കളുമായി സംസാരിച്ച് പ്രതിസന്ധി പരിഹരിക്കാനായിരുന്നു ആദ്യ ശ്രമം. എന്നാൽ, ഇത് ഫലത്തിലെത്തിയില്ല. ഇതേ തുടർന്നാണ് രഞ്ജുവിനും ബന്ധുക്കൾക്കുമൊപ്പമിരുന്നു ചർച്ച ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ, ഇത് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.