കോട്ടയം: വീട്ടുകാർ ആശുപത്രിയിൽ ചികിത്സയ്ക്ക് പോയ സമയത്ത് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ. വീടിന്റെ വാതിൽ തകർത്ത് ഉള്ളിൽ കടന്ന് മോഷണം നടത്തിയ കേസിലെ പ്രതിയെയാണ് പൊലീസ് സംഘം പിടികൂടിയത്. കൊല്ലം കൊട്ടാരക്കര കരിപ്ര അഭിവിഹാർ വീട്ടിൽ അഭിരാജി (അഭി -32)നെയാണ് കാഞ്ഞിരപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫിസർ ശ്യാംകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ജൂൺ 21 നായിരുന്നു കേസിനാസ്പദമായ സംഭവം. രാവിലെ 11.20 നും വൈകിട്ട് 01.15 നും ഇടയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കാഞ്ഞിരപ്പള്ളി ഇടക്കുന്നം താമരപ്പടി ഭാഗത്തെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ അടുക്കള ഭാഗത്തുള്ള കതക് ചവിട്ടി തുറന്നാണ് പ്രതി വീടിനുള്ളിൽ കടന്നത്. തുടർന്ന് കിടപ്പുമുറിയുടെ അലമാരയിൽ ലോക്കറിനുള്ളിൽ ഒരു ഡപ്പിക്കുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണമാലയാണ് മോഷ്ടിച്ചെടുത്തത്. 1.80 ലക്ഷം രൂപ വില വരുന്ന 18 ഗ്രാം സ്വർണമാണ് മോഷ്ടാവ് കവർന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മോഷണം നടന്ന വീട്ടിലെ താമസക്കാരായ ഭാര്യയും ഭർത്താവും പാറത്തോട് ഇടക്കുന്നം, താമരപ്പടി ഭാഗത്ത് ജെസ്വിൻ പുതുമന എന്നയാളുടെ വീട്ടിൽ കഴിഞ്ഞ ഒരാഴ്ചയായി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഭാര്യയുടെ ചികിത്സയ്ക്കായി കാഞ്ഞിരപ്പള്ളി ആശുപത്രിയിൽ പോയി തിരികെ വന്നപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. വീടിന്റെ അടുക്കള വാതിൽ തകർന്ന നിലയിലും, വീടിനുള്ളിലെ മൂന്ന് അലമാരകളും കുത്തിത്തുറന്ന നിലയിലും ആയിരുന്നു. സംഭവത്തിൽ കേസെടുത്തു അന്വേഷണം ആരംഭിച്ച കാഞ്ഞിരപ്പള്ളി പോലീസിന് സംഭവ സമയം ആ പ്രദേശത്തുകൂടി കോട്ടിട്ട് ബൈക്കിൽ പോയ ഒരാളുടെ ദൃശ്യം മാത്രമാണ് ലഭ്യമായത്.
ഇതിനെ അടിസ്ഥാനമാക്കി ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് എയുടെ നിർദ്ദേശപ്രകാരം കാഞ്ഞിരപ്പള്ളി പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണങ്ങളുടെ ഫലമായി അടിമാലി ടൗണിൽ ഒരു ലോഡ്ജിൽ ഒളിച്ചു താമസിക്കുകയായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അന്വേഷണ സംഘത്തിൽ എസ്.ഐ സുനേഖ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ വിനീത്, സിവിൽ പൊലീസ് ഓഫിസർ എം.വി സുജിത്, സിവിൽ പൊലീസ് ഓഫിസർ ജോസ് ജോസ്, ഡ്രൈവർ സിവിൽ പൊലീസ് ഓഫിസർ വൈശാഖ്, സിവിൽ പൊലീസ് ഓഫിസർ വിമൽ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ബൈക്കിൽ കറങ്ങി നടന്ന് മോഷണം നടത്തുന്ന പ്രതിയ്‌ക്കെതിരെ സംസ്ഥാനത്തെമ്പാടുമായി 24 ഓളം മോഷണക്കേസുകളുമുണ്ട്.